army-tent

ന്യൂഡൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ സൈനികർക്ക് അതിരൂക്ഷമായ കാലാവസ്ഥയെ ചെറുക്കാനായി അത്യാധുനിക താമസസൗകര്യങ്ങൾ ഒരുക്കി. നവംബറിന് ശേഷം 40 അടി ഉയരത്തിൽ വരെ മഞ്ഞു വീഴുകയും താപനില പൂജ്യത്തിന് താഴെവരെയെത്തുകയും ചെയ്യുന്ന സ്ഥലത്ത് ചൂട് നിലനിറുത്തുന്ന വീടുകളും ടെന്റുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

മുറിക്കുള്ളിൽ ചൂട് നിലനിറുത്താനുള്ള ഹീറ്ററുകൾക്ക് പുറമെ, വെള്ളം, വൈദ്യുതി എന്നിവ ലഭിക്കും.

സൈനികരുടെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് വൃത്തിയും വെടിപ്പും ഉറപ്പാക്കിയാണ് ഇവയുടെ നിർമ്മാണം. കിടക്കാൻ കട്ടിലും സാധനങ്ങൾ വയ്‌ക്കാൻ അലമാരയുമുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളിൽ ടെന്റുകളുടെ രൂപത്തിലും ചതുരാകൃതിയിലും അധികം ഉയരമില്ലാത്ത താമസ സ്ഥലങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചൂടു നിലനിറുത്തുന്നത് അടക്കം സൗകര്യങ്ങളുള്ള സ്മാർട്ട് ക്യാമ്പുകളാണ് നിലവിൽ കിഴക്കൻ ലഡാക്കിലുള്ളത്. സൈനികരുടെ എണ്ണം കൂടിയതോടെ കൂടുതൽ സൗകര്യങ്ങളോടെ പുതിയ താമസസൗകര്യം ഒരുക്കേണ്ടി വന്നു.

ചൈനയും അവരുടെ സൈനികർക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ താമസ സൗകര്യങ്ങൾ ഒരുക്കിയെന്ന് അവിടുത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. സേനാ പിൻമാറ്റത്തിനുള്ള ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും ശൈത്യകാലം മുഴുവൻ കാവൽ വേണ്ടിവരുമെന്ന വിലയിരുത്തലിൽ ഒരുക്കങ്ങൾ തുടരുകയാണ് ഇന്ത്യ. സൈനികർക്ക് യു.എസിൽ നിന്ന് തണുപ്പിനെ പ്രതിരോധിക്കാനുള്ള കിറ്റുകൾ എത്തിച്ചിരുന്നു. 15,000 അടി ഉയരത്തിൽ മലമടക്കുകളിൽ ജോലി ചെയ്യുന്ന സൈനികർക്ക് പ്രത്യേക കണ്ണട, കട്ടിയുള്ള കൈയുറ, ജാക്കറ്റ്, യൂണിഫോം തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. 2016ലെ പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് യു.എസിൽ നിന്ന് ഇവ ലഭിച്ചത്. ഇന്ത്യ കിഴക്കൻ ലഡാക് മേഖലയിൽ 50,000ൽ അധികം സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട്. അത്ര തന്നെ സൈനികർ ചൈനയുടെ ഭാഗത്തുമുണ്ട്.