twitter

ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ തലസ്ഥാനമായ ലേ ചൈനയുടെ ഭാഗമാക്കി കാണിച്ചതിന് ട്വിറ്റർ മാപ്പു രേഖപ്പെടുത്തിയെന്ന് സംയുക്ത പാർലമെന്ററി സമിതി അദ്ധ്യക്ഷ മീനാക്ഷി ലേഖി എംപി അറിയിച്ചു. പിശക് നവംബർ 30നുള്ളിൽ പരിഹരിക്കുമെന്ന് ട്വിറ്റർ പ്രൈവസി ഓഫീസർ ഡാമിയൻ കാരിയൻ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകിയെന്നും മീനാക്ഷി ലേഖി അറിയിച്ചു.

മുമ്പ് ജമ്മു കാശ്‌മീരിന്റെ ഭാഗമായിരുന്ന ലഡാക്കും പ്രദേശങ്ങളും സോഫ്റ്റ്‌വെയർ പിശകുമൂലമാണ് തങ്ങളുടെ ജിയോ ടാഗിൽ തെറ്റായി ചിത്രീകരിക്കപ്പെട്ടതെന്ന് ട്വിറ്റർ വിശദീകരിച്ചു. തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ജമ്മുകാശ്‌മീരിലെ ചില നഗരങ്ങളുടെ ഭൂപടത്തിൽ പിശക് വന്നതും ശരിയാക്കും. ഇന്ത്യ തങ്ങളുടെ മുൻനിര മാർക്കറ്റാണെന്നും പൊതുജനങ്ങൾക്ക് ട്വിറ്റർ സേവനങ്ങൾ ഉറപ്പാക്കാൻ കേന്ദ്രസർക്കാരുമായി തുടർന്നും സഹകരിക്കുമെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

ഒക്ടോബർ 28ന് പാർലമെന്ററി സമിതി ട്വിറ്റർ പ്രതിനിധികളെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും എതിരായ നടപടി ക്രമിനൽ കുറ്റമാണെന്നും നടപടി നേരിടേണ്ടി വരുമെന്നും സമിതി അഭിപ്രായപ്പെട്ടിരുന്നു.കേന്ദ്ര ഐടി സെക്രട്ടറി അയച്ച നോട്ടീസിനും ട്വിറ്റർ മറുപടി നൽകേണ്ടി വരും.