up-rape-case

ന്യൂഡൽഹി: യു.പിയിൽ ലൈംഗിക പീഡനത്തിനെതിരെ പരാതി നൽകിയ പതിനഞ്ച് വയസുള്ള ദളിത് പെൺകുട്ടിയെ പ്രതിയുടെ ബന്ധുക്കൾ തീ കൊളുത്തി കൊന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസിൽ അഞ്ച് പേരെ യു.പി ജഹാംഗീർ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആഗസ്റ്റ് 14ന് ബുലന്ദ്ഷെഹറിൽ വച്ചാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ പഴത്തോട്ടത്തിലെ കാവൽക്കാരനായ ഹരീഷാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെൺകുട്ടി വീട്ടിൽ അറിയിക്കുകയും പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഹരീഷിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ഇതോടെ പ്രതിയുടെ ബന്ധുക്കൾ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴുക്കിയിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ പെൺകുട്ടി മാത്രമുണ്ടായിരുന്ന സമയത്ത് പ്രതികളുടെ ബന്ധുക്കൾ ഉൾപ്പെടെ ആറംഗ സംഘമെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അറുപത്തഞ്ച് ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം യു.പിയിലെ ആശുപത്രിയിലും തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഏഴ് പേർക്കെതിരെ

കേസെടുത്തു.