ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനിടെ ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികർക്ക് മേൽ മൈക്രോവേവ് ആയുധം പ്രയോഗിച്ചതായുള്ള വാർത്ത കരസേന നിഷേധിച്ചു. ചൈന പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണെന്നും അതിർത്തിയിൽ ഇന്ത്യൻ സേന ശക്തമായി നിലകൊള്ളുകയാണെന്നും വക്താവ് അറിയിച്ചു. പാംഗോംഗ് തടാകത്തിന് വടക്ക് ചുഷൂൽ മലനിരകളിൽ ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ നിന്ന് ചൈനീസ് ലിബറേഷൻ സേന മോചനം നേടിയില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അവർ മാദ്ധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും കരസേനാ വൃത്തങ്ങൾ വിശദീകരിച്ചു.
ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ ശരീരത്തിൽ പതിപ്പിച്ച് മൈക്രോവേവ് ഒാവനിലേത് പോലെ ചൂടാക്കി ശത്രുവിനെ തുരത്തുന്ന രീതി ചൈന ലഡാക്ക് അതിർത്തിയിൽ പ്രയോഗിച്ചെന്ന് ബീജിംഗിലെ റെൻമിൻ സർവകലാശാലയിലെ ഒരു പ്രൊഫസറെ ഉദ്ധരിച്ച് യു.കെയിലെ ടൈംസ് ദിനപത്രമാണ് പുറത്തുവിട്ടത്.