saranya

''വിവാഹിതൻ അല്ലെങ്കിൽ വിവാഹിതയായി ജീവിക്കാനുള്ള അവകാശം പോലെ തന്നെ അവിവാഹിതരായോ പങ്കാളിയില്ലാതെയോ ജീവിക്കാനുള്ള അവകാശവും ഒരു വ്യക്തിയ്ക്കുമുണ്ട്. പങ്കാളിയില്ല എന്ന ഒറ്റകാരണത്താൽ 'സിംഗിൾ വിമൻ ' എന്ന് എങ്ങനെ ഒരു സ്ത്രീയെ അഭിസംബോധന ചെയ്യാനാകും. ഭർത്താവ് അല്ലെങ്കിൽ പങ്കാളിയ്ക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ പോലെ തന്നെ, ബന്ധുക്കളും കൂട്ടുകാരും മാതാപിതാക്കളും സഹപ്രവർത്തകരും എല്ലാം ഞങ്ങൾക്കുമുണ്ട്. പിന്നെന്തുകൊണ്ടാണ് പങ്കാളിയില്ലാതെ ജീവിതം നയിക്കുന്നവരെ അപൂർണരായി സമൂഹം കാണുന്നത് ? '' ഡൽഹി സ്വദേശിയും ഐ.ടി. പ്രൊഫഷണലുമായ നാൽപത്തഞ്ചുകാരി ഡെബ്ബി പോളാണ് ചോദ്യകർത്താവ്. ചോദ്യം ഞാനും നിങ്ങളുമുൾപ്പെട്ട രാജ്യത്തെ ജനങ്ങളോടുമാണ്.

രാജ്യത്തെ സ്ത്രീകളിൽ 21 ശതമാനം പേരും പങ്കാളിയില്ലാതെ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുമ്പോൾ ഡെബ്ബി പോളിന്റെ ചോദ്യം ന്യായമാണ്. അങ്ങനെയൊരു ജീവിതത്തിലേക്ക് എത്തിപ്പെട്ടതിന് വിവാഹമോചനം, ഭർത്താവിന്റെ അകാലത്തിലുള്ള വിയോഗം, വിവാഹമേ വേണ്ടെന്നുള്ള പ്രതിജ്ഞ അങ്ങനെ പല കാരണങ്ങളുണ്ടെങ്കിലും കാഴ്ചക്കാർക്ക് സന്തോഷമായി ഒറ്റയ്ക്ക് ജീവിതം നയിക്കുന്ന സ്ത്രീകളെ കാണുമ്പോൾ എന്തിനാണിത്ര കണ്ണുകടി.

അവ‌‌ർ അസ്വസ്ഥരാണ് !

പെൺകുട്ടികൾക്ക് പതിനെട്ട് വയസു തികഞ്ഞാൽ പിന്നെ നെഞ്ചിലോരു ആധിയാണ്. വീട്ടുകാരെക്കാൾ ഈ ആധി നാട്ടുകാർക്കും ബന്ധുക്കൾക്കുമാണ്. എന്ത് ഉടുക്കണം, എങ്ങനെ ഉടുക്കണം, എന്ത് കഴിക്കണം, എങ്ങനെ നടക്കണം തുടങ്ങി മറ്റുള്ളവരുടെ കാര്യത്തിൽ വല്ലാതെ ആകുലതപ്പെടുന്ന സമൂഹമാണ് ഇന്ത്യയുടെതെന്ന് പറയാതെ വയ്യ. ഒരു തരം പ്രഷർ കുക്കർ ജീവിതം.

''സ്കൂൾ കഴിഞ്ഞാൽ എൻട്രൻസ് എഴുതുന്നില്ലേ, ഡിഗ്രി കിട്ടിയാൽ ജോലി ആയില്ലേ, ജോലി ആയാൽ എത്രയാ ശമ്പളം , ശമ്പളം നല്ലതാണേൽ കല്യാണം കഴിക്കുന്നില്ലേ, കല്യാണം കഴിഞ്ഞാൽ കുട്ടികളായില്ല, കുട്ടികളായാൽ ... ഇതേ ചോദ്യങ്ങൾ സീസൺ ടൂ'' എന്ന് ബാംഗ്ലൂർ ഡെയ്സ് എന്ന മലയാള സിനിമയിൽ ദുൽക്കറിന്റെ ഒരു ഡയലോഗുണ്ട്. ചുരുക്കം പറഞ്ഞാൽ ഇത്രേയുള്ളൂ ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തിന്റെ സൈക്കിൾ.

ആണിനെയായാലും പെണ്ണിനെയായാലും , ഒരുപക്ഷേ വിവാഹത്തിലേക്ക് എത്തിക്കാനായി മാത്രം സമ്മർദ്ദം ചെലുത്തുന്ന മറ്റൊരു സമൂഹം വേറെയുണ്ടാകില്ല. വിവാഹം കഴിക്കാൻ തോന്നുമ്പോൾ കഴിക്കട്ടെ, അല്ലാത്തപ്പോൾ അവരെ വെറുതേ വിടുന്നതല്ലേ ശരിയെന്ന ചോദ്യത്തിനൊന്നും യാതൊരു പ്രസക്തിയും ഇവിടെയില്ല. വിവാഹം കഴിക്കാനുള്ള മാനദണ്ഡം ഒരു പങ്കാളിയെ സ്വീകരിക്കാനുള്ള മനസും പക്വതയുമല്ല മറിച്ച് വയസാണെന്നതാണ് ഇന്ത്യൻ കോൺസെപ്റ്റ്.

തെക്കേഇന്ത്യയിലെ ഏറുന്ന കണക്കുകൾ

2011ലെ സെൻസസ് പ്രകാരം 2001നും 2011 നുമിടയിൽ പങ്കാളിയില്ലാതെ ജീവിതം നയിക്കാൻ തീരുമാനിച്ചവരുടെ എണ്ണത്തിൽ 39 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 2001ൽ രാജ്യത്ത് 51.2 മില്യൺ സ്ത്രീകൾ സിംഗിൾ ലൈഫ് തിരഞ്ഞെടുത്തെങ്കിൽ 2011 ആയപ്പോൾ അത് 71.4 മില്യണിലെത്തി. വിധവ, വിവാഹമോചനം നേടിയ സ്ത്രീ, അവിവാഹിതർ, ഭർത്താവിൽ നിന്ന് നിയമപരമായ വിവാഹമോചനം നേടാതെ അകന്നു കഴിയുന്ന സ്ത്രീകൾ തുടങ്ങിയവരൊക്കെ ഇതിൽപ്പെടുന്നു. ഇതിൽത്തന്നെ തെക്കേ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും.

കുടുംബത്തിന്റെ കെട്ടുപാടുകളില്ലാതെ ഉപരിപഠനം നടത്താനും മികച്ച ജോലി നേടി ശോഭിക്കാനും സ്വതന്ത്രമായ കാഴ്ചപാടുകളോടെ സ്വന്തം കാലിൽ സന്തോഷകരമായ ജീവിതം പടുത്തുയർത്താനുമാണ് പുതുതലമുറയിലെ സ്ത്രീകളിൽ പലരും അവിവാഹിതരായി തുടരാൻ തീരുമാനിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, ജാതകപ്രശ്നങ്ങൾ, നിറം, വണ്ണം, പൊക്കം തുടങ്ങി വിവാഹക്കമ്പോളത്തിലെ സ്ഥിരം ഫോർമുലകളിൽ പെടാത്തതിനാൽ തഴയപ്പെടുന്നവരും ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുന്നവരിലുണ്ട്.

അത്ര എളുപ്പമല്ല !

പങ്കാളിയുള്ളപ്പോൾത്തന്നെ പലതരത്തിലുള്ള അതിക്രമങ്ങളിൽക്കൂടി കടന്നുപോകേണ്ടി വരുന്നുണ്ട് നമ്മുടെ രാജ്യത്തെ സ്ത്രീകൾക്ക്. അപ്പോൾ പങ്കാളിയില്ലാതെ ജീവിക്കേണ്ടി വരുന്നത് അക്ഷരാർത്ഥത്തിൽ ഒറ്റയാൾ പോരാട്ടം തന്നെയാണ്. സ്വന്തം അദ്ധ്വാനത്തിൽ നിന്ന് ജീവിക്കാൻ പണം കണ്ടെത്തി അഭിമാനത്തോടെ ആ പെണ്ണുങ്ങൾ ജീവിക്കുന്നുണ്ടെങ്കിലും അവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്താൻ എല്ലായിടങ്ങളിലും സദാസംഘങ്ങൾ സജീവമാണ്. ആക്രമണങ്ങൾ മാനസികമായും ശാരീരികമായുമുള്ളതാണ്.

തമിഴ്നാട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ കലൈയരസിയുടെ വാക്കുകൾ കേൾക്കാം -

''അടുത്തിടെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവേ എന്റെ അയൽക്കാരൻ കൂടിയായ വ്യക്തിയിൽ നിന്ന് അക്രമം നേരിടേണ്ടി വന്നു. എനിക്കേൽക്കേണ്ടി വന്ന ലൈംഗീകാതിക്രമത്തെക്കുറിച്ച് ഞാൻ പൊലീസിൽ പരാതി നൽകിയപ്പോൾ നാഥനും നന്ദനുമില്ലാതെ ജീവിച്ചാൽ ഇത്തരത്തിൽ പലരിൽ നിന്നും അതിക്രമങ്ങളിൽ നേരിടേണ്ടി വരുമെന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്നടക്കം നേരിടേണ്ടിവന്ന പരിഹാസം. വിവാഹം കഴിച്ചില്ലെന്ന ഒറ്റക്കാരണത്താൽ ഏത് അപരിചിതനും എന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കാമെന്ന് എങ്ങനെ നീതിയുടെ കാവൽക്കാരായവർക്ക് പോലും വിധിക്കാനായി എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഉടുതുണിക്ക് ഇറക്കം കുറഞ്ഞതാണ് പീഡിപ്പിക്കാൻ കാരണമെന്ന് വിധിക്കുന്ന രാജ്യത്ത് നിന്നാണ് ഞാൻ ചിന്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ ചോദ്യം ഞാൻ സ്വയം പിൻവലിച്ചു. - ''

അവർക്കും കുടുംബമുണ്ട്..

അവരും ഹാപ്പിയാണ് സാർ!

2015ൽ പുറത്തിറങ്ങിയ പീഹു എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാബച്ചന്റെ കഥാപാത്രം മകളായ ദീപിക പഡുക്കോണിന്റെ കഥാപാത്രത്തിന് ഒരുപദേശം നൽകുന്നുണ്ട് - '' മാരേജ് വിത്ത് ഔട്ട് പർപ്പസ് ഈസ് ലോ ഐ.ക്യൂ'' (എന്തെങ്കിലും വ്യക്തമായ ഉദ്യേശത്തോടെയല്ലാത്ത വിവാഹം കുറഞ്ഞ ഐ.ക്യൂവാണ്) ആണെന്ന്. വിവാഹം കഴിച്ചില്ല അല്ലെങ്കിൽ വിവാഹമോചനം നേടിയെന്നത് കൊണ്ടുമാത്രം ആ സ്ത്രീകൾക്കോ അല്ലെങ്കിൽ പുരുഷന്മാർക്കോ കുടുംബമില്ലെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. സുഹൃത്തുക്കളും മാതാപിതാക്കളും കാമുകനോ കാമുകിയോ അടക്കം അവർക്ക് കുടുംബമുണ്ട്. ഒരുപക്ഷേ കുടുംബത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് ചിന്തിക്കുന്നവരെക്കാൾ മികച്ച രീതിയിൽ തങ്ങൾക്കായി കൂടി അവർ സന്തോഷമായി ജീവിക്കുന്നുമുണ്ട്. പലപ്പോഴും സിനിമകളിൽ പോലും ഇത്തരം അയൺ ലേഡീസിന് ദുഃഖത്തിന്റയും വിരഹത്തിന്റെയുമൊക്കെ സംഗീതവും നിറവും നൽകി വികലമാക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിനും മാറ്റം വന്നിട്ടുണ്ടെന്ന് ഒറ്റയ്‌ക്ക് ജീവിയ്‌ക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ഫോറം എകൽ നാരി ശക്തി സംഗതൻ പ്രവർത്തകർ വ്യക്തമാക്കുന്നു.

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ചും ഒറ്റയ്‌ക്ക് ജീവിക്കാൻ തീരുമാനിച്ചവരെ അങ്ങനെയും ജീവിക്കാൻ അനുവദിക്കുന്നതല്ലേ അതിന്റെ ശരി.