supreme-court

ന്യൂഡൽഹി: നിയമപ്രകാരം കേസന്വേഷണത്തിന് സി.ബി.ഐക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി നിർബന്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഫെഡറൽ സംവിധാനവുമായി ഒത്തുപോകുന്നതാണിതെന്നും അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്നും കോടതി പറഞ്ഞു.

കേന്ദ്രസർക്കാർ സി.ബി.ഐയെ രാഷ‌്‌ട്രീയ എതിരാളികൾക്കെതിരെ ആയുധമാക്കുന്നുവെന്ന് ആരോപിച്ച് കേരളം അടക്കം,ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന എട്ടു സംസ്ഥാനങ്ങൾ കേസ് അന്വേഷണത്തിന് സി.ബി.ഐക്ക് നൽകിയ പൊതുസമ്മതം പിൻവലിച്ച പശ്ചാത്തലത്തിൽ സുപ്രീം കോടതിവിധിക്ക് പ്രസക്തിയേറി.

ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ളിഷ്മെന്റ് (ഡി.എസ്.പി.ഇ) നിയമ പ്രകാരമാണ് സി.ബി.ഐ പ്രവർത്തിക്കുന്നത്. അഞ്ചാം വകുപ്പ് പ്രകാരം കേന്ദ്രസർക്കാരിന് സംസ്ഥാനങ്ങളിലേക്കും ഏജൻസിയുടെ അധികാരപരിധി നീട്ടി അന്വേഷണം നടത്താം. എന്നാൽ സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണെന്ന് നിയമത്തിലെ ആറാം വകുപ്പ് വിശദീകരിക്കുന്നുണ്ടെന്ന് ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

യു.പിയിൽ കൽക്കരി വില്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യു.പിയിൽ സ്വകാര്യ വ്യക്തികൾക്കെതിരെ അഴിമതി നിരോധന പ്രകാരമുള്ള കേസുകളിൽ അന്വേഷണത്തിന് മുൻകൂർ അനുമതി വേണ്ടെന്ന് 1989ൽ തീരുമാനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ തള്ളി.

# കേരളത്തിലെ വിലക്ക്

വിവാദമായ ലൈഫ് മിഷൻ അഴിമതിയെക്കുറിച്ചു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വയം കേസെടുത്തതാണ് കേരളത്തിലെ വിലക്കിന് വഴിവച്ചത്. സി.പി.എം നേതൃത്വം സർക്കാരിന് നിർദേശം നൽകിയതിനെ തുടർന്ന് മന്ത്രിസഭ തീരുമാനമെടുത്ത് വിജ്ഞാപനം ഇറക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്.

മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മിസോറം സംസ്ഥാനങ്ങൾക്ക് പിന്നാലെ അടുത്തിടെ ജാർഖണ്ഡും പഞ്ചാബും പൊതുസമ്മതം പിൻവലിച്ചിരുന്നു.

ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കേ ആന്ധ്രാ പ്രദേശിലാണ് ആദ്യം വിലക്ക് വന്നത്. ഭരണം മാറി ജഗൻ മോഹൻ റെഡ്ഢി വന്നപ്പോൾ പൊതുസമ്മതം പുനഃസ്ഥാപിച്ചു.