ന്യൂഡൽഹി: കൊവിഡ് സ്ഥിതി രൂക്ഷമായ ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ 500ൽ നിന്ന് 2000 രൂപയായി വർദ്ധിപ്പിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.
33 സ്വകാര്യ ആശുപത്രികളിലെയും 80 ശതമാനം ഐ.സി.യു ബെഡുകളും 60 ശതമാനം നോൺ ഐ.സി.യു ബെഡുകളും കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാനും നിർദ്ദേശിച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മാറ്റിവയ്ക്കണം. കേജ്‌രിവാൾ ലെഫ്. ഗവർണർ അനിൽ ബൈജാലിനെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു.
ഡൽഹിയിൽ കൊവിഡ് മരണവും ഉയരുന്നു. ബുധനാഴ്ച മാത്രം 131 മരണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 715 പേർ മരിച്ചു. ആകെ മരണം എട്ടായിരത്തോടടുത്തു. ആകെ രോഗികളുടെ എണ്ണം അഞ്ചുലക്ഷവും പിന്നിട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന മരണവും രോഗികളും ഇപ്പോൾ ഡൽഹിയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 585 കൊവിഡ് മരണം. ഇതിൽ 22.39 ശതമാനവും ഡൽഹിയിലാണ്. ബുധനാഴ്ച 7486 രോഗികൾ. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ 43,000ത്തിലേറെ പുതിയ രോഗികൾ.
വീണ്ടും അരലക്ഷത്തോടടുത്ത്
പ്രതിദിന രോഗികൾ
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മുപ്പതിനായിരത്തോളമായിരുന്നു രോഗികൾ. അതേസമയം ഈ കാലയളവിൽ 48,493 പേർ രോഗമുക്തരായി.
കഴിഞ്ഞ 47ദിവസമായി പ്രതിദിന രോഗമുക്തർ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. നിലവിൽ 4,43,303 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ 4.95 ശതമാനം മാത്രമാണിത്.
കൊവിഡ് മുക്തി നിരക്ക് 93.58 ശതമാനമായി വർദ്ധിച്ചു. ആകെ രോഗമുക്തർ 83,83,602.