മരണം ഉയരുന്നത് ആശങ്കാജനകം
ന്യൂഡൽഹി: കൊവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ മതിയായ പ്രതിരോധ നടപടികളെടുക്കുന്നതിൽ ഡൽഹി സർക്കാർ വീഴ്ച വരുത്തിയെന്നും സർക്കാർ ഗാഢനിദ്രയിലായിരുന്നുവെന്നും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ഒാരോദിവസവും കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുന്നത് ആശങ്കാജനകമാണെന്നും ജസ്റ്റിസുമാരായ ഹിമാകോഹ്‌ലി, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഡൽഹിയിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. രാകേഷ് മൽഹോത്ര നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഡൽഹിയിൽ വിവാഹചടങ്ങുകളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 200ൽ നിന്നും 50 ആയി നിയന്ത്രിച്ചത് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്.
'കോടതി ഉത്തരവ് വന്ന ശേഷമാണോ ആളുകളുടെ എണ്ണം നിയന്ത്രിക്കാനുള്ള തീരുമാനം എടുക്കേണ്ടത്. നവംബർ ഒന്നുമുതൽ കേസുകൾ ഉയരുകയായിരുന്നു. ഈ 18 ദിവസം എന്തുചെയ്യുകയായിരുന്നു? ഈ ദിവസങ്ങളിൽ എത്ര പേർ മരിച്ചു?. എന്തുകൊണ്ടാണ് നേരത്തെ ഉണരാതിരുന്നത്. സാഹചര്യം വഷളാകുമ്പോഴും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിങ്ങൾ തയ്യാറായില്ല. കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് നിങ്ങൾ ഞെട്ടി ഉണർന്നത്.'- ബെഞ്ച് വിമർശിച്ചു.
നിങ്ങൾ മാത്രമാണ് ഉത്തരവാദിയെന്ന് ഞങ്ങൾ പറയില്ല. ആവശ്യമായ മുൻകരുതലെടുക്കാൻ ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. അവർ മുൻകരുതലെടുക്കുന്നില്ലെങ്കിൽ അത് ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
എന്നാൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തവർക്കെതിരെയും പിഴ ചുമത്തുന്നുണ്ടെന്ന് സംസ്ഥാനം ചൂണ്ടിക്കാണിച്ചപ്പോൾ, വീട്ടിൽ അടച്ചിരിക്കുന്നവർ പോലും രോഗബാധിതരാകുന്നുണ്ടെന്ന് കോടതി മറുപടി നൽകി. ശ്മശാനങ്ങൾ രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യമാണ്. മരണനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.