ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ രോഗം ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് 2020-2021 വർഷം കേന്ദ്ര പൂളിൽ അഞ്ച് എം.ബി.ബി.എസ് സീറ്റുകൾ സംവരണം ചെയ്‌തു. നീറ്റിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എം.സി.സി) ഓൺലൈൻ അപേക്ഷകളിൽ നിന്നാണ് അർഹരായ കുട്ടികളെ തിരഞ്ഞെടുക്കുക.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ച സ്വകാര്യ ആശുപത്രി ജീവനക്കാർ, സംസ്ഥാന സർക്കാരുകളുടെയും എയിംസ് അടക്കം സർക്കാർ ആശുപത്രികളിലും താത്ക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്‌തവർ, വോളണ്ടിയർമാർ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജോലിക്കാർ, ദിവസ വേതനക്കാർ തുടങ്ങിയവരുടെ മക്കൾക്കും അപേക്ഷിക്കാം. ഇവരുടെ യോഗ്യത കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സാക്ഷ്യപ്പെടുത്തും. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ജീവൻ ത്യജിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരമായാണ് ക്വോട്ട നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു.