ന്യൂഡൽഹി: ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ച പരിഷ്‌കരണ ശുപാർശയുടെ അടിസ്ഥാനത്തിൽ സേനയിൽ അടുത്ത ഏപ്രിൽ മുതൽ പെൻഷൻ പ്രായം ഉയർത്താൻ മിലിട്ടറി കാര്യ വകുപ്പ് തീരുമാനിച്ചു. കരസേനയിൽ കേണൽ പദവിയിലും വ്യോമസേന, നാവിക സേന എന്നിവയിൽ സമാന തസ്‌തികയിലും ജോലി ചെയ്യുന്നവരുടെ പെൻഷൻ പ്രായം 54ൽ നിന്ന് 57ആയും ബ്രിഗേഡിയൽ പദവിക്ക് തുല്യമായ തസ്‌തികയുടെ പെൻഷൻ പ്രായം 56ൽ നിന്ന് 58 ആയും മേജർ ജനറൽമാരുടേത് 58ൽ നിന്ന് 59ആയും ഉയർത്തണമെന്നാണ് ശുപാർശ.
ലെഫ്റ്റനന്റ് ജനറൽമാരുടെ പെൻഷൻ 60 വയസായി നിലനിറുത്തും. പെൻഷൻ പ്രായം കൂട്ടാൻ തീരുമാനിച്ചാൽ നിലവിൽ വിരമിക്കുന്ന ഓഫീസർമാരെ താഴ്ന്ന റാങ്കിൽ കുറഞ്ഞ ശമ്പളത്തോടെ നിയമിക്കുന്ന രീതി അവസാനിപ്പിക്കും. നേരത്തെ ജോലി നിറുത്തുന്നത് നിരുത്സാഹപ്പെടുത്താൻ 35 വർഷത്തിനുശേഷം വിരമിക്കുന്നവർക്ക് മുഴുവൻ പെൻഷൻ നൽകാനും ശുപാർശയുണ്ട്. 20-25 വർഷത്തിനിടയിൽ വിരമിക്കുന്നവർക്ക് 50 ശതമാനവും 25-30 വർഷത്തിനിടയിൽ വിരമിക്കുന്നവർക്ക് 60 ശതമാനവും പെൻഷൻ നൽകാമെന്നും സി.ഡി.എസ് പറയുന്നു. എന്നാൽ പെൻഷൻ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യമുയർന്നിട്ടുണ്ട്.