ന്യൂഡൽഹി : പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എൻ. ഒ.സി സംസ്ഥാനത്താകെ നിർബന്ധമാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
നിയന്ത്രണം ഇടുക്കി ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിൻറെ ആവശ്യം ജസ്റ്റിസ് എസ്.അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. മറ്റു ജില്ലകളിലും പട്ടയഭൂമിയില്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. ഉത്തരവ് നടപ്പാക്കാത്തതിന് സർക്കാരിനെതിരെ ഹൈക്കോടതിയെടുത്ത കോടതി അലക്ഷ്യ നടപടിയിൽ ഇടപെടാനും വിസമ്മതിച്ചു.
സംസ്ഥാന സർക്കാരിനുള്ള അധികാരത്തിൽ കടന്നുകയറുന്ന നടപടിയാണ് ഹൈക്കോടതിയുടേതെന്നും ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ വാദിച്ചു. ചില സാഹചര്യങ്ങളിൽ പട്ടയ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കേണ്ടി വരുമെന്നും നിലപാടെടുത്തു. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ മാത്രം നിർമ്മാണ നിയന്ത്രണം ഏർപ്പെടുത്തുന്നത് വിവേചനപരവും ഭരണഘടനാവിരുദ്ധമാണെന്ന് എതിർകക്ഷികൾക്ക് വേണ്ടി ഹാജരായ പി.ചിദംബരവും, മാത്യുകുഴൽനാടനും വാദിച്ചു.
ഇടുക്കിയിലെ പട്ടയഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്ക് സംസ്ഥാന സർക്കാർ നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ ഇടുക്കി മുട്ടുകാട് സ്വദേശിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. അനധികൃത നിർമ്മാണം തടയാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടയഭൂമിയിൽ നിർമ്മാണത്തിന് സംസ്ഥാനവ്യാപകമായി എൻ.ഒ.സി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. പട്ടയ ഭൂമി എന്താവശ്യത്തിന് നൽകിയെന്ന് കൈവശാവകാശ രേഖയിൽ വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.