ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെയ്‌ക്കെതിരെ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ വിവാദ പരാമർശം നീക്കാത്തതിന് ട്വിറ്ററിനെ ശാസിച്ച് സംയുക്ത പാർലമെന്ററി സമിതി. പരമോന്നത കോടതിയെ അപമാനിക്കാൻ ട്വിറ്ററിനെ പോലുള്ള ഒരു പ്രശസ്ത സമൂഹമാദ്ധ്യമം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മീനാക്ഷി ലേഖി എം.പി അദ്ധ്യക്ഷയായ സമിതി ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്‌ക്കം ട്വിറ്റർ മറുപടി നൽകണമെന്ന് സമിതി നിർദ്ദേശിച്ചു.
വിഷയത്തിൽ സമിതിയിലെ അംഗങ്ങൾ രാഷ്‌ട്രീയ ഭേദമന്യേ ഒരേ നിലപാടാണ് സ്വീകരിച്ചതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. റിപ്പബ്ളിക് ടിവി മേധാവി അർണബ് ഗോസാമിക്ക് സുപ്രീംകോടതി ഇടപെട്ട് ജാമ്യം നൽകിയപ്പോഴാണ് കുനാൽ വിവാദ പോസ്റ്റ് ഇട്ടത്. ട്വീറ്റ് പിൻവലിക്കാൻ കുനാൽ തയ്യാറായിരുന്നില്ല. ഇതോടെയാണ് സമിതി ട്വിറ്ററിന് നോട്ടീസ് നൽകിയത്. ലഡാക്കിന്റെ ഭൂപടം തെറ്റിച്ചതിന്റെ പേരിൽ കഴിഞ്ഞ സമിതിക്ക് മുന്നിൽ ട്വിറ്റർ മാപ്പ് പറഞ്ഞിരുന്നു.