mewalal-choudari

 ചുമതലയേറ്റ് ഒന്നര മണിക്കൂറിനിടെ രാജി
ന്യൂഡൽഹി: ബീഹാറിൽ നിതീഷ് കുമാർ സർക്കാരിന് നാണക്കേടായി, സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസങ്ങൾക്കകം അഴിമതി ആരോപണങ്ങളെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി പദവി രാജിവച്ചു. ഇന്നലെ 12.30നാണ് ജെ.ഡി.യു നേതാവ് മേവാലാൽ ചൗധരി ഓഫീസിലെത്തി വിദ്യാഭ്യാസമന്ത്രിയുടെ ചുമതലയേറ്റത്. തുടർന്ന് 2 മണിയോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസിലെത്തി രാജി സമർപ്പിക്കുകയായിരുന്നു. ഒന്നരമണിക്കൂർ മാത്രമാണ് വിദ്യാഭ്യാസമന്ത്രി പദത്തിലിരുന്നത്. തിങ്കളാഴ്ചയാണ് നിതീഷ് മന്ത്രിസഭ അധികാരമേറ്റത്. ചൊവ്വാഴ്ച വകുപ്പ് വിഭജനം നടത്തി. മേവാലാൽ ആദ്യമായാണ് മന്ത്രിയാകുന്നത്.

ഭഗൽപൂരിലെ ബീഹാർ കാർഷിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരിക്കെ അസിസ്റ്റന്റ് പ്രൊഫസർമാരെയും ജൂനിയർ ശാസ്ത്രജ്ഞൻമാരെയും നിയമിച്ചതിൽ അഴിമതിക്കേസ് നേരിടുന്ന മേവാലാലിനെ വിദ്യാഭ്യാസമന്ത്രിയാക്കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് അദ്ദേഹത്തെ നീക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ ആർ.ജെ.ഡി ആവശ്യപ്പെട്ടു. നവംബർ 23നുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ പ്രതിഷേധം ഉയർത്തുമെന്ന് സി.പി.ഐ.എം.എല്ലും വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെയാണ് രാജി.

കേസ് അയോഗ്യതയല്ല

കേസ് ഒരു അയോഗ്യതയായി കാണേണ്ടതില്ലെന്നും നിരവധി എം.എൽ.എമാർക്കെതിരായി കേസുണ്ടെന്നും മേവാലാൽ പ്രതികരിച്ചു. നിലവിൽ അന്വേഷണം മാത്രമാണുള്ളത്. അതുകൊണ്ടാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താതിരുന്നത്. അതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. അഴിമതി ആരോപണം നേരിടുന്ന തേജസ്വിക്ക് തന്നെ കുറ്റപ്പെടുത്താൻ യാതൊരു അധികാരവുമില്ലെന്നും മേവാലാൽ പറഞ്ഞു.

 ആരോപണം ഇങ്ങനെ

2010ൽ ആരംഭിച്ച ഭാഗൽപൂർ കാർഷിക സർവകലാശാലയിൽ മേവാലാൽ വൈസ് ചാൻസലറായിരിക്കെ 281 അസിസ്റ്റന്റ് പ്രൊഫസർമാരുടെയും ജൂനിയർ ശാസ്ത്രജ്ഞന്മാരുടെയും തസ്തികകളിലെ റിക്രൂട്ട്മെന്റിൽ ക്രമക്കേട് നടത്തിയെന്നും യോഗ്യത ഇല്ലാത്തവർക്ക് നിയമനം നൽകിയെന്നുമാണ് ആരോപണം. പരാതി ലഭിച്ചതിനെ തുടർന്ന് അന്ന് ബീഹാർ ഗവർണറായിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അന്വേഷണത്തിന് അനുമതി നൽകി. തുടർന്ന് മേവാലാൽ വൈസ് ചാൻസലർ പദവി രാജിവച്ചു.

2017ൽ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അന്വേഷണ സംഘം കേസെടുത്തു. ഇതിന് പിന്നാലെ മേവാലാൽ ചൗധരിയെ ജെ.ഡി.യുവിൽ നിന്ന് സസ്‌പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. ഇക്കുറി വീണ്ടും ജെ.ഡി.യു ടിക്കറ്റിൽ താരാപൂരിൽ നിന്ന് വിജയിച്ച മേവാലാലിനെ നിതീഷ് വിദ്യാഭ്യാസമന്ത്രിയാക്കുകയായിരുന്നു.