ന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടും ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. സ്വർണക്കടത്തുവഴി ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്ന യു.എ.പി.എ ചുമത്തിയ കേസ് അന്വേഷിക്കുന്നതിനു പകരം കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയനേതൃത്വത്തെ ലക്ഷ്യമിട്ട് നീങ്ങുകയാണ്. ഈ അതിക്രമം അംഗീകരിക്കാനാകില്ല. ഇത്തരം നീക്കങ്ങളെ സി.പി.ഐ ചെറുക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെ പേര് പറയണമെന്നും പ്രത്യുപകാരമായി കേസിൽ മാപ്പു സാക്ഷിയാക്കാമെന്നും പറഞ്ഞ് സമ്മർദ്ദമുണ്ടെന്ന് കസ്റ്റഡിയിലുള്ള രണ്ട് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയായ സ്ത്രീയുടെ ശബ്ദരേഖയും സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുവെന്ന് പി.ബി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒന്നിച്ചുനീങ്ങുന്ന ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ഇത്തരം കുതന്ത്രങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്ന് ഉറപ്പുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.