ഉന്നതതല യോഗത്തിൽ സ്ഥിതി വിലയിരുത്തി
ന്യൂഡൽഹി: ജമ്മു കാശ്മീർ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക് സഹായത്തോടെ ഭീകരർ പദ്ധതിയിട്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കു പുറമേ, വിദേശകാര്യ സെക്രട്ടറിയും ഇന്റലിജൻസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിക്കുകയും ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തതിലൂടെ വൻ ഭീകരാക്രമണ പദ്ധതിയാണ് ഒഴിവായതെന്നും ഒരിക്കൽക്കൂടി സുരക്ഷാ സേനയുടെ ധീരതയും സാമർത്ഥ്യവും പ്രകടമായെന്നും പ്രധാനമന്ത്രി ട്വീറ്റു ചെയ്തു.
കാശ്മീരിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും മുംബയ് ഭീകരാക്രമണ വാർഷിക ദിനമായ നവംബർ 26ന് വ്യാപകമായ അക്രമണം നടത്താനും ഭീകരർ പദ്ധതിയിട്ടെന്നും ഇതു തടയാൻ ജമ്മുകാശ്മീരിൽ വ്യാപക പരിശോധന തുടരുകയാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
സുരക്ഷാ സേനയുടെ ജാഗ്രതയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ജമ്മുകാശ്മീരിലെ ജനാധിപത്യ നടപടികളെ അട്ടിമറിക്കാനുള്ള ഹീനമായ ശ്രമമാണ് അവർ തടഞ്ഞതെന്ന് അഭിപ്രായപ്പെട്ടു. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ടുഘട്ടമായാണ് ജില്ലാ വികസന കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ സഞ്ചരിച്ചിരുന്ന ട്രക്കിന്റെ ഡ്രൈവറെ പിടികൂടി. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ടോൾ പ്ളാസയിൽ പരിശോധനയ്ക്കായി ട്രക്ക് തടഞ്ഞതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറിൽ നിന്ന് ഭീകരാക്രമണത്തിന്റെ പദ്ധതികൾ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ സേന.