ന്യൂഡൽഹി: നേതൃത്വത്തിനെതിരെ കത്തയച്ച ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, ശശി തരൂർ എന്നിവരെ ഉൾപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മൂന്ന് സമിതികൾക്ക് രൂപം നൽകി. തിരുത്തൽ ആവശ്യപ്പെട്ട നേതാക്കളെ സമിതികളിൽ ഉൾപ്പെടുത്തിയത് ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നുള്ള അനുനയ നീക്കമായി വിലയിരുത്തപ്പെടുന്നു.
വിദേശകാര്യം, ദേശസുരക്ഷ, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാനും പാർട്ടി അദ്ധ്യക്ഷയ്ക്ക് റിപ്പോട്ട് സമർപ്പിക്കാനും രൂപംനൽകിയ മൂന്നു സമിതികളുടെയും അദ്ധ്യക്ഷൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ്.
ബീഹാർ തിരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാന ഉപതിരഞ്ഞെടുപ്പുകളിലും മോശം പ്രകടനം കാഴ്‌ചവച്ചതിന്റെ പേരിൽ കോൺഗ്രസിൽ അതൃപ്‌തി പുകയുന്നതിനിടെയാണ് ഉടക്കി നിൽക്കുന്നവരെ ഉൾക്കൊള്ളിച്ചുള്ള സമിതി രൂപീകരണമെന്നത് ശ്രദ്ധേയമാണ്. കത്തെഴുതിയ നേതാക്കളിൽ കപിൽ സിബൽ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു.
സാമ്പത്തികകാര്യങ്ങൾക്കായുള്ള സമിതിയിൽ പി. ചിദംബരം, മല്ലികാർജ്ജുന ഖാർഗെ, ദിഗ്‌വിജയ് സിംഗ്, ജയ്റാം രമേശ് (കൺവീനർ), വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മ, ശശി തരൂർ, സൽമാൻ ഖുർഷിദ് (കൺവീനർ), സപ്തഗിരി ഉലക, സുരക്ഷാകാര്യ സമിതിയിൽ ഗുലാംനബി ആസാദ്, വീരപ്പ മൊയ്‌ലി, വിൻസെന്റ് എം. പാല (കൺവീനർ), വി. വൈത്തിലിംഗം എന്നിവരുമാണുള്ളത്.