ന്യൂഡൽഹി: കേന്ദ്രസർക്കാർ ബംഗ്ളാവുകളിൽ താമസിക്കുന്ന 20 പ്രശസ്ത കലാകാരന്മാരോട് ഡിസംബർ 31ന് ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നോട്ടീസ് അയച്ചു. പ്രായാധിക്യം മൂലമുള്ള അവശതകൾ അനുഭവിക്കുന്ന തങ്ങളോട് കരുണ കാട്ടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടക്കം നിവേദനമയച്ചിരിക്കുകയാണ് കലാകാരൻമാർ. കഥക് കലാകാരൻ പണ്ഡിറ്റ് ബിർജു മഹാരാജ്, ദ്രുപത് ഗായകൻ ഉസ്താദ് വസിഫുദ്ദീൻ ഡാഗർ, മോഹിനിയാട്ടം നർത്തകി ഭാരതി ശിവാജി, കഥക് ഗുരു ഗീതാഞ്ജലി ലാൽ, കുച്ചിപ്പുടി നർത്തകൻ ഗുരു ജയരാമ റാവു, ചിത്രകാരൻ ജിതിൻ ദാസ് തുടങ്ങിയവർക്കാണ് ബംഗ്ളാവ് ഒഴിയാൻ നോട്ടീസ് ലഭിച്ചത്. ഡിസംബർ 31ന് ശേഷം താമസം തുടർന്നാൽ കുടിശിക അടക്കം വൻ തുക ഈടാക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. മൂന്ന് വർഷത്തേക്കാണ് ബംഗ്ളാവുകൾ അനുവദിച്ചതെങ്കിലും പദ്മ പുരസ്കാരങ്ങളും സംഗീത നാടക അക്കാഡമി അവാർഡുകളും ലഭിച്ച കലാകാരന്മാർ വർഷങ്ങളായി അനുമതി പത്രം പുതുക്കി താമസം തുടരുകയായിരുന്നു. 2014ൽ എൻ.ഡി.എ സർക്കാർ വന്ന ശേഷം സർക്കാർ ബംഗ്ളാവുകൾ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മാത്രം നൽകുക എന്ന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി അനുമതി പത്രം പുതുക്കി നൽകുന്നില്ല. മാദ്ധ്യമ പ്രവർത്തകർക്കും കായികതാരങ്ങൾക്കും സർക്കാർ ബംഗ്ളാവുകൾ അനുവദിക്കുന്നതും നിറുത്തലാക്കി.