ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന്റെ പരീക്ഷണ ഡോസ് ഹരിയാന ആരോഗ്യമന്ത്രി അനിൽവിജ് സ്വീകരിച്ചു. ഇന്നലെ രാവിലെ 11ന് അംബാലയിലെ സിവിൽ ആശുപത്രിയിലായിരുന്നു കൊവാക്സിൻ മന്ത്രിക്ക് കുത്തിവച്ചത്. രണ്ടു മണിക്കൂറിന് ശേഷം അദ്ദേഹം പതിവ് പോലെ ഓഫീസിലെത്തുകയും ചെയ്തു.
ആളുകളുടെ ഭയം മാറ്റാനും കൂടുതൽ പേർ പരീക്ഷണത്തിന് സന്നദ്ധമായി മുന്നോട്ടുവരാനും തന്റെ നടപടി പ്രേരണയാകുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് വാക്സിൻ തദ്ദേശീയമായി വികസിപ്പിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. ഹരിയാനയിൽ ഇന്നലെ ആരംഭിച്ച കൊവാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയനായ ആദ്യയാളുമാണ് അനിൽവിജ്.
ഐ.സി.എം.ആറുമായി ചേർന്നാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളും ഫലപ്രദമായിരുന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു. അന്തിമഘട്ട ക്ലിനിക്കൽ പരീക്ഷണം 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് നടത്തുന്നത്.