ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. ആകെ മരണം 1.32 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45882 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44807 പേർ രോഗമുക്തരായി. 491 പേർമരിച്ചു. നാൽപ്പതിലേറെ ദിവസങ്ങൾക്ക് ശേഷമാണ് രോഗമുക്തരെക്കാൾ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 443794 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തിനിരക്ക് 93.60 ശതമാനമായും ഉയർന്നു. പുതുതായി രോഗമുക്തരായവരിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്.
കൊവിഡ് കേസുകൾ ഉയരുന്നതിനാൽ നവംബർ 23 രാവിലെ 6 വരെ ഗുജറാത്തിലെ അഹമ്മദാബാദിൽ കർഫ്യൂ ഏർപ്പെടുത്തി.സൂറത്ത്, വഡോദര, രാജ്കോട്ട് എന്നീ നഗരങ്ങളിൽ രാത്രി കർഫ്യൂവും ഏർപ്പെടുത്തി. സമ്പൂർണ ലോക് ഡൗണില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
ഹരിയാനയിൽ 172 വിദ്യാർത്ഥികൾക്കും 107 അദ്ധ്യാപർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് അടുത്ത 15 ദിവസത്തേക്ക് സ്കൂളുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.
കൊവിഡ് വാക്സിൻ ലഭ്യമായാൽ സുഗമമായ നീക്കത്തിന് രാജ്യത്തെ വിമാനത്താവളങ്ങളും വിമാനക്കമ്പനികളും ഒരുങ്ങുന്നു. ഡൽഹി വിമാനത്താവളത്തിൽ 25 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ ശീതീകരണ ശേഷിയുള്ള ചേംബറുകളുണ്ട്.
വായു മോശം: സുരക്ഷിത സ്ഥാനത്തേക്ക്
മാറാൻ സോണിയയ്ക്ക് നിർദ്ദേശം
തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് നിർദ്ദേശിച്ച് ഡോക്ടർമാർ. നെഞ്ചിലെ അണുബാധ മാറാത്തതും ആസ്തമ വർദ്ധിച്ചതുമാണ് ഇത്തരമൊരു നിർദ്ദേശം ഡോക്ടർമാർ മുന്നോട്ടു വയ്ക്കാനുള്ള കാരണം. ചെന്നൈ, ഗോവ എന്നിവിടങ്ങളാണ് നിലവിൽ പരിഗണനയിലുള്ളത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയയെ അനുഗമിച്ചേക്കും.
ഒാക്സ് ഫോർഡ് വാക്സിൻ ഫെബ്രുവരിയിൽ
ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ ഇന്ത്യയിൽ ഫെബ്രുവരിയോടെ ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും നൽകാനാകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഏപ്രിലോടെ പൊതുജനങ്ങൾക്കായി വിതരണം ചെയ്യാനാകുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനാവാല പറഞ്ഞു. രണ്ടു ഡോസിന് 1000 രൂപ വിലവരും.2മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാനാകും. 2024ൽ എല്ലാ ഇന്ത്യക്കാർക്കും വാക്സിൻ ലഭ്യമായേക്കാമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.