ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ നിശ്ചയിക്കുന്ന ഉയർന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് ഘടന അംഗീകരിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന് സ്വാശ്രയ മാനേജ്മെന്റുകൾ തടസ ഹർജിയും നൽകി.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കുന്നതിന് വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തതു പ്രകാരം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ മെരിറ്റ് സീറ്റിൽ 7.5- 22 ലക്ഷം രൂപയും എൻ.ആർ.ഐ സീറ്റിൽ 20- 34ലക്ഷം രൂപയുമാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത്. മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണ് ഫീസ് നിർണയ സമിതി സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിധി അംഗീകരിച്ചാൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം സാദ്ധ്യമാകാതെ വരുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. 2019ലെ കേന്ദ്ര മെഡിക്കൽ കമ്മിഷൻ നിയമ പ്രകാരം ഫീസ് നിർണയിക്കാൻ കമ്മിഷന് മാത്രമേ അധികാരമുള്ളൂവെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാൽ, കമ്മിഷൻ ഇതുവരെ നിലവിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം രൂപംകൊണ്ട ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് ഈടാക്കേണ്ടതെന്ന് സർക്കാർ വാദിക്കുന്നു.
സ്വാശ്രയ മെഡിക്കൽ ഫീസ് കൂട്ടുന്നത്
സമ്പന്നർക്ക് അവസരമൊരുക്കാൻ: പേരന്റ്സ് അസോസിയേഷൻ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾ വൻതോതിൽ ഫീസ് ഉയർത്തുന്നിന് പിന്നിൽ പഠനനിലവാരം കുറഞ്ഞ സമ്പന്നരായ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാനുള്ള തന്ത്രമാണെന്ന് പേരന്റ്സ് അസോസിയേഷൻ ഒഫ് മെഡിക്കൽ സ്റ്റുഡന്റ്സ് ആരോപിച്ചു. നീറ്റ് റാങ്കിൽ വളരെ പിന്നിലുള്ളവർക്ക് ഒത്താശ ചെയ്യുകയാണ് മാനേജ്മെന്റുകൾ. സമർത്ഥരായ സാധാരണക്കാർക്ക് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ ചേരാൻ പോലും സാധിക്കാത്ത സ്ഥിതിയായി. ഉയർന്ന റാങ്കുള്ള മിടുക്കരായ വിദ്യാർത്ഥികൾ അലോട്ട്മെന്റിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കേസ് നടത്തിപ്പിന് മികച്ച അഭിഭാഷകരെ നിയോഗിക്കണമെന്നും പേരന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഹർജി കണ്ണിൽ പൊടിയിടാൻ: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സർക്കാരും സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഫീസ് വർദ്ധനവിന് കാരണമായത്. ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതി നിശ്ചയിച്ച ഫീസിനെതിരെ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ കാണിച്ച അലംഭാവമാണ് കേസ് തോൽക്കാൻ കാരണമായത്.
6.22 ലക്ഷം മുതൽ 7.65 ലക്ഷം വരെയുള്ള വാർഷിക ഫീസ് 11 ലക്ഷം മുതൽ 22 ലക്ഷം വരെ ആക്കി വിജ്ഞാപനം പുറപ്പെടുവിക്കാനുളള അനുമതി ഹൈക്കോടതിയിൽ നിന്ന് നേടാൻ സ്വകാര്യ മാനേജ്മെന്റുകൾക്ക് സർക്കാർ കൂട്ടുനിന്നു. സുപ്രീംകോടതിയിലെങ്കിലും വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.