ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ കടുത്ത പ്രതിേഷധം അറിയിച്ചു. പാക് ഹൈക്കമ്മിഷനിലെ സീനിയർ ഉദ്യോഗസ്ഥൻ അഫ്താബ് ഹസൻ ഖാനെ വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തിയാണ് ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചത്. നഗ്രോതയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ജയ്ഷെ മുഹമ്മദ് ഭീകരർ അതിർത്തികടന്നു വന്നതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
രാജ്യസുരക്ഷ കണക്കിലെടുത്ത് ഭീകര പ്രവർത്തനത്തിനെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും തങ്ങളുടെ രാജ്യത്ത് ഭീകരരെയും ഭീകര സംഘടനകളെയും പിന്തുണയ്ക്കുന്ന നയം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മറ്റ് രാജ്യങ്ങളിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ പാകിസ്ഥാനിൽ ഒരുക്കിയ സംവിധാനങ്ങൾ ഇല്ലാതാക്കണം. തങ്ങളുടെ അധീനതയിലുള്ള സ്ഥലത്ത് ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനം അനുവദിക്കില്ലെന്ന അന്താരാഷ്ട്ര ഉറപ്പും ഉഭയകക്ഷി പ്രതിബദ്ധതയും പാകിസ്ഥാൻ പാലിക്കണമെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തിയത്. അതിർത്തിയിൽ പാക് സേന വെടി നിറുത്തൽ ലംഘിച്ച് നടത്തിയ ഷെൽ ആക്രമണത്തിൽ പ്രതിഷേധിക്കാനാണ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയത്.
മുംബയ് ഭീകരാക്രമണ വാർഷിക ദിനത്തിൽ ഇന്ത്യയിൽ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജമ്മുകാശ്മീരിലും രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. ജമ്മുകാശ്മീരിൽ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാനും ഭീകരർ ശ്രമിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഈ ലക്ഷ്യങ്ങളുമായി നൂറുകണക്കിന് ഭീകരർ അധിനിവേശ കാശ്മീരിലും മറ്റും സന്നദ്ധരായി നിൽക്കുന്നുവെന്നാണ് സൈന്യത്തിന് ലഭിച്ച വിവരം. നഗ്രോതാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ വൻ ആക്രമണത്തിന് അതിർത്തി കടന്നു വന്നതാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചത്.
പാക് ആക്രമണത്തിൽ ഇന്ത്യൻ ജവാന് വീരമൃത്യു
ജമ്മുകാശ്മീരിൽ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണ രേഖയ്ക്കുസമീപം വെടിനിറുത്തൽ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു. ഹവിൽദാർ പാട്ടീൽ സഗ്രം ശിവാജി ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മറ്റൊരു ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യൻ സൈനികരെയും സിവിലിയൻമാരെയും ലക്ഷ്യമിട്ട് പാക് സേന ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തുവെന്ന് കരസേന വക്താവ് അറിയിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കത്വാ ജില്ലയിലെ ഹീരാനഗർ സെക്ടറിലുള്ള സത്പാൽ, മൻയാരി, കരോൾ, കൃഷ്ണ അതിർത്തി പോസ്റ്റുകൾക്ക് നേരെയും ഇന്നലെ പാക് സൈന്യം വെടിവയ്പ് നടത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ് ഇന്നലെ പുലർച്ചെയും തുടർന്നു. ബി.എസ്.എഫ് ശക്തമായി തിരിച്ചടിച്ചതോടെ പാക് സൈന്യം പിൻവാങ്ങി. താഴ്വരയിൽ മഞ്ഞുവീഴുന്ന സമയത്ത് ഭീകരർക്ക് നുഴഞ്ഞു കയറാൻ അവസമൊരുക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാൻ പാക് സൈന്യം വെടിനിറുത്തൽ ലംഘിക്കുന്നത് പതിവാണ്.