ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ കൂട്ടത്തോടെ മാർക്കറ്റുകളിൽ ഇറങ്ങിയതും ശൈത്യകാലത്തിന്റെ വരവും മൂലം ഉത്തരേന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ഹരിയാനയിൽ കഴിഞ്ഞ ദിവസം 3,104 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമാക്കിയ രാജസ്ഥാനിൽ 2,762 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 33 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശിൽ രോഗവ്യാപനം കൂടുതലുള്ള ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, വിദിശ ജില്ലകളിൽ ലോക്ഡൗൺ നടപ്പാക്കി. ഗുജറാത്തിൽ അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് ജില്ലകളിൽ കർഫ്യൂ നിലവിൽ വന്നു. മഹാരാഷ്ട്രയിൽ സ്കൂളുകൾ തത്ക്കാലം തുറക്കേണ്ടെന്നാണ് തീരുമാനം. ഡൽഹിയിൽ നിന്ന് മുംബയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഡൽഹി അതിർത്തിയായ നോയിഡയിലുംഗാസിയാ ബാദിലും യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റുകൾ നടത്താൻ തുടങ്ങി.
13കോടി കൊവിഡ്
പരിശോധന പിന്നിട്ട് ഇന്ത്യ
കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ13 കോടി പരിശോധനകൾ പൂർത്തിയാക്കി. അവസാന ഒരു കോടി പരിശോധന നടത്തിയത് കേവലം 10 ദിവസങ്ങൾക്കുള്ളിലാണ്. ഇന്നലത്തെ പുറത്തു വന്ന കണക്കു പ്രകാരം 46,232 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രാവിലെ വരെ 10,66,022 സാംപിളുകൾ പരിശോധിച്ചു. ദേശീയതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 6.93% ആയിരുന്നു. പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്തോറും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായാണ് കാണുന്നത്.
പരിശോധന കുറവുള്ള സംസ്ഥാനങ്ങളോട് എണ്ണം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ വരെ 49,715 പേർ കൂടി രോഗമുക്തരായി. പുതുതായി രോഗം സ്ഥിരീകരിച്ചതിൽ 77.69 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ 6,608 പേർക്കും മഹാരാഷ്ട്രയിൽ 5,640 പേർക്കും രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 564 മരണം റിപ്പോർട്ട് ചെയ്തു.