covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിന്റെ വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ 'കൊവിൻ മൊബൈൽ ആപ്പ്' അവതരിപ്പിച്ചു. വാക്സിൻ സംഭരണം, ശേഖരണം, വിതരണം, മുൻഗണനാ പട്ടികയിലുള്ളവരുടെ വാക്‌സിനേഷൻ തീയതികൾ തുടങ്ങിയ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.

വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രധാന വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും കഴിയും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ആരോഗ്യ മന്ത്രാലയം, ഐ.സി.എം.ആർ, ആയുഷ്‌മാൻ ഭാരത് തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുക. വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള വിവരങ്ങളും ആപ്പ് വഴി ശേഖരിക്കാം. മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്‌സിൻ ഷെഡ്യൂൾ തീയതി, സ്ഥലം, ആരാണ് നൽകുന്നത് തുടങ്ങിയ വിവരങ്ങൾ അറിയാം. രണ്ട് ഡോസുകളും എടുത്തവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

വാക്‌സിൻ സംഭരിക്കുന്ന രാജ്യത്തെ 28,000 കേന്ദ്രങ്ങളുടെ വിവരങ്ങളും ലഭ്യമാകും. ഓരോ കേന്ദ്രത്തിലെയും വാക്സിന്റെ സ്റ്റോക്ക് നോക്കി കുറവുള്ള സ്ഥലത്ത് എത്തിക്കാൻ ഇതു സഹായിക്കും. ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് ട്രാക്ക് ചെയ്യാം.

വാക്സിൻ കേന്ദ്രങ്ങളിലെ ശീതീകരണികൾക്ക് വൈദ്യുതി കിട്ടുന്നുണ്ടോ ലോഡ് ഷെഡിംഗ്, വോൾട്ടേജ് ഏറ്റക്കുറച്ചിൽ തുടങ്ങിയവ മൂലം ശീതീകരണികളുടെ പ്രവർത്തനം തടസപ്പെടുന്നുണ്ടോ എന്നും അറിയാം. വാക്സിൻ കേടാവാതിരിക്കാൻ മൈനസ് താപനിലയിലാണ് സൂക്ഷിക്കേണ്ടത്.

മുൻഗണനാ പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 50വയസിന് മുകളിലുള്ളവർ, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ തുടങ്ങിയവരുടെ വിവരങ്ങളും ലഭ്യമാകും. ആദ്യം വാക്സിനേഷന് വിധേയമാകേണ്ട സർക്കാർ-സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വിവരങ്ങളാണ് ആദ്യം ആപ്പിൽ കയറുക.