ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം നടത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ലോക്‌സഭാ സ്‌പീക്കർ ഓംബിർള പറഞ്ഞു. ഈമാസം അവസാനം തുടങ്ങേണ്ട ശീതകാല സമ്മേളനം ഡൽഹിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉപേക്ഷിച്ചേക്കുമെന്ന് വാർത്തയുണ്ടായിരുന്നു.
പാർലമെന്റ് സമ്മേളന നടത്തിപ്പ് തീരുമാനിക്കുന്ന കേന്ദ്രസർക്കാരിന്റെ പാർലമെന്ററികാര്യ സമിതി യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് സ്‌പീക്കർ പറഞ്ഞു. കൊവിഡ് സാഹചര്യത്തിലും സമ്മേളനം നടത്താൻ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഒരുക്കമാണ്. ഇവിടെ പതിവായി യോഗങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായവും തേടേണ്ടതുണ്ടെന്ന് സ്പീക്കർ പറഞ്ഞു.