ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനും ഒപ്പറേഷണൽ കമാൻഡന്റുമായ അബ്ദുൾ റൗഫ് അസ്ഗറിന്റെ നിർദ്ദേശ പ്രകാരം വൻ ആക്രമണത്തിന് പദ്ധതിയിട്ടാണ് വന്നതെന്ന് വിവരം ലഭിച്ചു. ഭീകരിൽ നിന്ന് വൻ ആയുധ ശേഖരത്തിനൊപ്പം പാക് നിർമ്മിത ക്യൂ മൊബൈൽ ഫോണുകൾ, ജി.പി.എസ് ഉപകരണങ്ങൾ, വയർലെസ് സെറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
370-ാം വകുപ്പ് ഒഴിവാക്കിയതിനെതിരെ പുൽവാമയിൽ നടത്തിയതിനെക്കൾ തീവ്രതയുള്ള ആക്രമണം നടത്തണമെന്ന പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ നിർദ്ദേശ പ്രകാരമാണ് ജെയ്ഷെ മുഹമ്മദ് അവരെ അയച്ചത്. ജെയ്ഷെയുടെ പ്രമുഖ നേതാക്കളായ അബ്ദുൾ റൗഫ് അസ്ഗർ, ക്വാസി തരാർ, മൗലാന അബു ജുൻഡാൽ, മുഫ്തി തൗസീഫ് എന്നിവർ പാകിസ്ഥാനിലെ ബഹാവൽപൂരിലാണ് ഗൂഢാലോചന നടത്തിയത്. തുടർന്ന് ജെയ്ഷെയുടെ ഷക്കാർഗഡ് യൂണിറ്റിന് പദ്ധതി നടപ്പാക്കാനുള്ള ചുമതല നൽകി. കൊല്ലപ്പെട്ട നാലു ഭീകരരും പരമാവധി ആളപായമുണ്ടാക്കുന്ന വിധം ചാവേർ ആക്രമണത്തിനുള്ള പരിശീലനം നേടിയ ശേഷമാണ് അതിർത്തിയിലെ സാംബാ സെക്ടറിലൂടെ നുഴഞ്ഞു കയറിയത്. തുടർന്ന് ആറുകിലോമീറ്റർ അകലെ ജട്വാളിൽ ആപ്പിൾ കയറ്റിയ ഒരു ട്രക്കിൽ കയറി. അതിർത്തി കടന്ന ശേഷം അബ്ദുൾ റൗഫ് അസ്ഗറും കാശ്മീരിലെ ജെയ്ഷെ ഓപ്പറേഷനൽ കമാൻഡന്റ് അസ്ഗർ ഖാൻ കാശ്മീരിയും അവർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നഗ്രോതയിലെ ബൻ ടോൾ പ്ളാസയിൽ നടന്ന പരിശോധനയ്ക്കിടെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടതാണ് ഭീകരരുടെ പദ്ധതി പൊളിച്ചത്. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യങ്ങളുമായി സൈനികരെ ആക്രമിക്കാൻ മുതിർന്ന ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.