co

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിനായ കൊവാക്‌സിൻ ഉപയോഗിച്ച വ്യക്തിക്ക് ന്യുമോണിയ ബാധിച്ച സംഭവത്തിൽ വിശദീകരണവുമായി ഭാരത് ബയോടെക്. മാർഗനിർദേശങ്ങൾ പ്രകാരം ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ.) വാക്‌സിൻ പരീക്ഷണത്തിലെ എല്ലാ പ്രതികൂല സംഭവങ്ങളും എത്തിക്‌സ് കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യണം. പ്രതികൂല സംഭവമുണ്ടായ ആഗസ്റ്റിൽ , വിവരം 24 മണിക്കൂറിനുള്ളിൽ തന്നെ ഡി.സി.ജി.ഐ അറിയിച്ചിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

തുടർന്ന് പ്രതികൂല സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയും വാക്‌സിനുമായി ബന്ധമില്ലെന്ന് നിർണയിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് മുമ്പ് അധികൃതർക്ക് നൽകിയിരുന്നതായും കമ്പനി വ്യക്തമാക്കി. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്നും അധികൃതർ വ്യക്തമാക്കി.

വാക്‌സിൻ സ്ഥിരീകരിച്ച ഒരാൾക്ക് ഗുരുതര രോഗം സ്ഥിരീകരിച്ചിട്ടും നിറുത്തിവച്ചില്ലെന്ന ആക്ഷേപത്തിനാണ് കമ്പനി മറുപടി നൽകിയത്. ആഗസ്റ്റിൽ നടന്ന ആദ്യഘട്ട പരീക്ഷണത്തിലാണ് പ്രതികൂല ഫലം ഉണ്ടായത്.

ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിൻ വികസിപ്പിക്കുന്നത്. ആദ്യ രണ്ട് ട്രയലുകളിലും മികച്ച ഫലം നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 16ന് കൊവാക്‌സിന്റെ മൂന്നാം ഘട്ട ട്രയൽ തുടങ്ങിയിരുന്നു. രാജ്യത്തെ 21 മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 26,000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.