ന്യൂഡൽഹി: സൈബർ ആക്രമണങ്ങളെ നേരിടാനുള്ള കേരള സർക്കാരിന്റെ പൊലീസ് നിയമ ഭേദഗതി നിർദ്ദയവും വിമതശബ്ദങ്ങൾ അടിച്ചമർത്തുന്നതുമാണെന്ന് പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ വിമർശിച്ചു.
''അപകീർത്തികരമെന്ന് കരുതുന്ന സൈബർ ഇടപെടലുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന തരത്തിലാണ് കേരളം പോലീസ് നിയമം ഭേദഗതി ചെയ്‌തത്. ഇത് ക്രൂരമായ നിയമമാണ്. വിയോജിപ്പുകളെ നിശബ്ദമാക്കാൻ ഇത് ദുരുപയോഗം ചെയ്യും. സുപ്രീം കോടതി റദ്ദാക്കിയ ഐ. ടി നിയമത്തിലെ 66 എ വകുപ്പിന് സമാനമാണ് പുതിയ ഭേദഗതി'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയത്. വ്യക്തിയെ അപകീർത്തിപ്പെടുത്തന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുകയോ അയയ്ക്കുകയോ ചെയ്യുന്നയാൾക്ക് അഞ്ച് വർഷം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്തും.
സൈബർ അധിക്ഷേപം തടയാൻ എന്ന പേരിലാണ് ഭേദഗതി എങ്കിലും വിജ്ഞാപനത്തിൽ എല്ലാ മാദ്ധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. സൈബർ മീഡിയ എന്ന് പ്രത്യേക പരാമർശമില്ല. ഇതുപ്രകാരം എത് മാദ്ധ്യമത്തിലൂടെയുമുള്ള വ്യാജപ്രചാരണം കുറ്റകരമാകും. ഇത് മാദ്ധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാൻ ഇടയാക്കുമെന്ന് പ്രതിപക്ഷവും നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.