sputnik

ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്‌സിൻ സ്‌ഫുട്‌നിക് 5ന്റെ ഇന്ത്യയിലെ മനുഷ്യരിലെ പരീക്ഷണം ഈയാഴ്ച പകുതിയോടെ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഹൈദരാബാദിലെ ഡോ. റെഡീസ് ലബോറട്ടറിക്കാണ് ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ വാക്സിൻ പരീക്ഷിക്കാനും തുടർന്ന് വിതരണം ചെയ്യാനും റെഡ്ഡീസ് ലാബുമായി റഷ്യൻ ഏജൻസി കരാറുണ്ടാക്കിയിട്ടുണ്ട്. പത്ത് കോടി ഡോസ് വാക്‌സിൻ ആണ് റെഡ്ഡീസ് ലാബിന് റഷ്യ നൽകുന്നത്.

ആഗസ്റ്റ് 11നാണ് റഷ്യ കൊവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യമായത്. മോസ്‌കോയിലെ ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ട് ഡോസുള്ള സ്പുട്‌നിക്‌ 5 വാക്‌സിൻ വികസിപ്പിച്ചത്.

അഞ്ച് കൊവിഡ് വാക്സിനുകൾ ഇന്ത്യയിൽ മനുഷ്യ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ ഓക്‌സ്‌ഫോ‌ഡ് സവകലാശാലയുടെ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഐ. സി. എം. ആറും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ഭാരത് ബയോടെക്കും ഐ. സി. എം. ആറും സംയുക്തമായി വികസിപ്പിച്ച കോ വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. രണ്ടാം ഘട്ട പരീക്ഷണത്തിലുള്ള കാഡില കമ്പനിയുടെ സൈക്കോവ് - ഡി ആണ് മറ്റൊരു പ്രമുഖ വാക്സിൻ.