sonia

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി നാളെ യോഗം ചേരും. കൊവിഡ് സാഹചര്യത്തിൽ എ.ഐ.സി.സി അംഗങ്ങൾക്ക് ഡിജിറ്റൽ വോട്ടിംഗ് കാർഡ് നൽകി, ഡിജിറ്റൽ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത പാർട്ടി ആലോചിക്കുന്നു.

അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക സംസ്ഥാന ഘടകങ്ങൾ തിരഞ്ഞെടുപ്പ് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ കാർഡുകൾ തയ്യാറാക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും. തുടർന്ന്, പ്രവർത്തക സമിതിയുടെ അംഗീകാരത്തോടെ നടപ്പാക്കാം.

പുതിയ അദ്ധ്യക്ഷനെ കണ്ടെത്താൻ ജനുവരിയിൽ പ്ളീനറി സമ്മേളനം വിളിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത്

നിന്നാരെങ്കിലും വരുമോയെന്നതും ചർച്ചയാണ്. പല തവണ വിസമ്മതം പ്രകടിപ്പിച്ച രാഹുൽ ഗാന്ധിയോട് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ പ്രവർത്തക സമിതി വീണ്ടും ആവശ്യപ്പെട്ടേക്കും. രാഹുൽ ഇല്ലെങ്കിൽ പുതിയ ആളെ കണ്ടെത്താൻ നടപടി തുടങ്ങും.

വിമർശനവുമായി ഗുലാം നബിയും

നേതാക്കളുടെ പഞ്ചനക്ഷത്ര സംസ്കാരം മാറാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് .പാർട്ടിയിൽ ആഭ്യന്തര തിരഞ്ഞെടുപ്പ് ആവശ്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളായ ഗുലാം നബി ആസാദ് പറഞ്ഞു.

മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചാലുടൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കുന്നതാണ് കോൺഗ്രസിലെ രീതി. റോഡ് മോശമാണെങ്കിൽ പ്രചരണത്തിന് പോകില്ല. ഇത്തരം സംസ്കാരം വച്ചു പുലർത്തി തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് ബീഹാർ അടക്കമുള്ള തിരഞ്ഞെടുപ്പുകളിലെ തോൽവി തെളിയിച്ചു. നേതാക്കൾക്ക് താഴെത്തട്ടുമായി ബന്ധമില്ല. കഴിഞ്ഞ രണ്ടു തവണയായി പാർട്ടിക്ക് ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലുമില്ല. നോമിനേഷനിലൂടെ ഭാരവാഹികളെ നിയമിക്കുന്ന രീതി മാറിയാലേ നേതാക്കൾക്ക് ഉത്തരവാദിത്വം വരൂ. ഇപ്പോൾ ആർക്കും ഭാരവാഹിയാകാമെന്ന അവസ്ഥയാണെന്നും ഗുലാം നബി ചൂണ്ടിക്കാട്ടി.