ന്യൂഡൽഹി:ഇന്ത്യയുമായി രൂക്ഷമായ സൈനിക സംഘർഷമുണ്ടായ ദോക്‌ലാമിൽ ചൈനയുടെ ഭീഷണി വീണ്ടും ശക്തമാകുന്നതിന്റെ തെളിവായി ഭൂട്ടാൻ പ്രദേശത്ത് ചൈന ഒരു വർഷം കൊണ്ട് പടുത്തുയർത്തിയ ഗ്രാമത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തു വന്നു.
അതിർത്തിയിൽ നിന്ന് രണ്ടുകിലോമീറ്റർ ഉള്ളിൽ ദോക്‌ലാമിന്റെ കിഴക്കൻ അതിർത്തിയിലാണ് പാംങ്ഡ എന്ന പേരിൽ ചൈന സ്വന്തം ഗ്രാമം സ്ഥാപിച്ചത്. കൂടാതെ ദോക്‌ലാമിന് സമീപം ടോറസ് നദിക്കരയിൽ ഭൂട്ടാനിലൂടെ ചൈന റോഡ് നിർമ്മിച്ചതായും വ്യക്തമായി. സോംപെരി റിഡ്ജ് എന്ന തന്ത്രപ്രധാന ഭാഗത്തേക്ക് എത്താനുള്ളതാണ് പുതിയ റോഡെന്ന് മക്സർ ഏജൻസി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
ഭൂട്ടാൻ അതിർത്തിക്കുള്ളിൽ പാങ്ഡ എന്ന സ്വന്തം ഗ്രാമം നിർമ്മിച്ച വിവരം ചൈനീസ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ ഭൂട്ടാൻ അംബാസഡർ നിഷേധിച്ച ആ റിപ്പോർട്ട് ശരിവയ്‌ക്കുന്നതാണ് ഉപഗ്രഹ ചിത്രങ്ങൾ.
ചൈന-ഭൂട്ടാൻ അതിർത്തിയോട് ചേർന്ന 'ചിക്കൻ നെക്ക്' എന്നറിയപ്പെടുന്ന പ്രദേശത്തിന് സമീപത്തേക്ക് എത്തുകയാണ് ചൈനയുടെ ലക്ഷ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പശ്ചിമബംഗാളിന്റെ ചില ഭാഗങ്ങളും ചൈനയുടെ നിരീക്ഷണ പരിധിയിലാകുമെന്നതിനാൽ ഇന്ത്യയ്ക്ക് ഭീഷണിയാണിത്. ഭൂട്ടാനിലെ ഗ്രാമവും റോഡും ദോക്‌ലാം മേഖല പടിപടിയായി അധീനതയിലാക്കാനുള്ള ചൈനയുടെ നീക്കമാണെന്ന് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2017ൽ ഡോക്‌ലാമിൽ ചൈനയുടെ റോഡ് നിർമ്മാണം ഇന്ത്യൻ സൈനികർ തടഞ്ഞതാണ് സംഘർഷമുണ്ടാക്കിയത്. രണ്ടുമാസത്തോളം നീണ്ട സംഘർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് സീ സിൻപിംഗും തമ്മിൽ വുഹാനിലുണ്ടാക്കിയ ധാരണയെ തുടർന്നാണ് അവസാനിച്ചത്.