tunnel

ന്യൂഡൽഹി: നഗ്രോതയിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ കഴിഞ്ഞ ദിവസം സുരക്ഷാസേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ അതിർത്തികടക്കാൻ നിർമ്മിച്ചതെന്ന് കരുതുന്ന 160മീറ്ററോളം നീളമുള്ള തുരങ്കം ബി.എസ്.എഫ് കണ്ടെത്തി. തുരങ്കം ഇടിയാതിരിക്കാൻ വച്ച മണൽ ചാക്കുകളിൽ പാകിസ്ഥാനിലെ വിലാസമുണ്ട്.

നാല് ഭീകരർ സാംബാ സെക്‌ടറിലൂടെയാണ് അതിർത്തി കടന്നതെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ബി.എസ്.എഫ് സംഘം നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. തുരങ്കം പുതിയതായി നിർമ്മിച്ചതാണെന്ന് ബി.എസ്.എഫ് അറിയിച്ചു. പുറത്തേക്ക് കടക്കുന്ന ഭാഗം കാട്ടുചെടികൾ വച്ച് മൂടിയ നിലയിലാണ്. വായ ഭാഗം ഇടിയാതിരിക്കാൻ മണൽ ചാക്കുകൾ വച്ച് ശക്തിപ്പെടുത്തിയിരുന്നു. ഈ ചാക്കുകളിൽ പാകിസ്ഥാനിലെ കറാച്ചിയിലെ ഒരു സ്ഥാപനത്തിന്റെ വിലാസവും ഫോൺ നമ്പരും വ്യക്തമാണ്. തുരങ്ക നിർമ്മാണത്തിന് പിന്നിൽ മികച്ച എൻജിനീയറിംഗ് വൈദഗ്ദ്ധ്യമുണ്ടെന്നും അതിൽ നിന്ന് വൻ ശക്തികളാണ് പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമാണെന്നും ബി.എസ്.എഫ് പറഞ്ഞു.

അതിനിടെ ഭീകരർ ട്രക്കിൽ ഒളിച്ചു കടക്കാൻ ശ്രമിച്ചത് കണക്കിലെടുത്ത് ജമ്മുകാശ്മീരിൽ വാഹന പരിശോധന കർശനമാക്കി. ആപ്പിൾ കയറ്റിയ ട്രക്കിലാണ് കൊല്ലപ്പെട്ട ഭീകരർ കയറിയത്. ജമ്മുകാശ്‌മീരിൽ ആപ്പിൾ വിളവെടുപ്പ് സമയമായതിനാൽ നിരവധി ട്രക്കുകൾ ചരക്കുമായി പോകുന്നുണ്ട്.