modi

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പരമ്പരാഗത നയങ്ങളാണ് ഇന്ത്യയിൽ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൗദി അദ്ധ്യക്ഷത വഹിക്കുന്നജി -20 ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.പരമ്പരാഗത ജീവിത രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ,കാർബൺ സാന്നിധ്യം കുറഞ്ഞതും കാലാവസ്ഥയ്‌ക്ക് അനുകൂലവുമായ വികസന രീതികളാണ് ഇന്ത്യ സ്വീകരിച്ചത്. പാരീസ് കരാർ ലക്ഷ്യങ്ങൾ നിറവേ​റ്റുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എൽ.ഇ.ഡി ബൾബുകൾ ജനപ്രിയമാക്കിയതും, ഉജ്ജ്വല പദ്ധതിയിലൂടെ 80 ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് പുകയില്ലാത്ത അടുക്കളകൾ നൽകിയതും അതിന്റെ ഭാഗമാണ്. ഒരു തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് നിരോധനത്തിന് ശ്രമം തുടങ്ങി. വനമേഖലയിൽ സിംഹങ്ങളുടെയും കടുവകളുടെയും എണ്ണം കൂടി. 2030ഓടെ 26 ദശലക്ഷം ഹെക്ടർ വനഭൂമി പുന:സ്ഥാപിക്കും.മെട്രോ നെ​റ്റ്‌വർക്കുകളും ജലഗതാഗത മാർഗങ്ങളും അന്തരീക്ഷത്തെ ശുദ്ധമാക്കും. 450 ജിഗാ വാട്ട്‌സ് പുനരുപയോഗ ഊർജ്ജമെന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ്.അന്താരാഷ്‌ട്ര സോളാർ അലയൻസ് അന്താരാഷ്‌ട്ര തലത്തിൽ ഊർജ്ജ വിനിയോഗത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നിർണായക പങ്കു വഹിക്കും.

വികസ്വര രാജ്യങ്ങൾക്ക് സാങ്കേതികവിദ്യയും, സാമ്പത്തിക പിന്തുണയുമുണ്ടെങ്കിൽ അതിവേഗം മുന്നേറാം. പുതിയ സാങ്കേതിക വിദ്യകളിൽ ഗവേഷണവും ആവിഷ്‌കാരങ്ങളും നടത്തുന്നതിൽ രാജ്യങ്ങൾക്കിടയിൽ സഹകരണ മനോഭാവം വേണം. ഓരോ വ്യക്തിയും, മനുഷ്യ കുലം ഒന്നാകെയും വികസിക്കുന്ന രീതിയിലാവണം സമീപനമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.