ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനും വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയ കോൺഫറൻസിലൂടെ മുഖ്യമന്ത്രിമാരെ കാണും. രണ്ട് യോഗങ്ങളാണ് ചേരുക. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള ഡൽഹി, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ പത്തിനാണ് ആദ്യ യോഗം. തുടർന്ന് 12 മണിയോടെ കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീണ്ടും യോഗം ചേരും. ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനും രാജ്യത്ത് അന്തിമഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലേക്ക് കടന്നിരിക്കെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. സംസ്ഥാനങ്ങളിലെ വാക്‌സിൻ വിതരണശേഷി പ്രധാനമന്ത്രി വിലയിരുത്തും.