ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ നിന്ന് ഭരണം തിരിച്ചു പിടിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾക്കേറ്റ വലിയ തിരിച്ചടിയാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ (86) വിയോഗം. ഇന്ദിരയുടെ കാലം മുതൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുപ്പം പുലർത്തിയ ഗോഗോയി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ മികച്ച വക്താവ് കൂടിയായിരുന്നു. പിതാവിന്റെ ദൗത്യങ്ങൾ നിറവേറ്റാനുള്ള ചുമതല ഇനി മകനും എംപിയുമായ ഗൗരവ് ഗോഗോയ്ക്കാണ്.
1971ൽ ജോർഹാത് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് ഡൽഹിയിൽ വന്ന തരുൺ ഗോഗോയി ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി. 1976ൽ എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട ഗോഗോയ് അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ സീറ്റ് നിലനിറുത്തിയതും ഇന്ദിരയുമായി കൂടുതൽ അടുപ്പിച്ചു. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്ത് ജനറൽ സെക്രട്ടറിയായി. പി.വി. നരസിംഹറാവു സർക്കാരിൽ ഭക്ഷ്യ വകുപ്പ് മന്ത്രിയായി. ജോർഹതിനെയും ഇപ്പോൾ മകൻ എം.പിയായ കല്ലാബോറിനെയും ആറു തവണ ലോക്സഭയിൽ പ്രതിനിധീകരിച്ചു. 2001മേയിൽ അസാം മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴും ഗോഗോയി മികവു തുടർന്നു. മൂന്നു തവണ തുടർച്ചയായി ഭരിച്ച് ഹാട്രിക് തികച്ച ശേഷമാണ് 2016ൽ ബി.ജെ.പിക്ക് മുന്നിൽ അടിയറവ് പറഞ്ഞത്.
തന്റെ വിശ്വസ്തൻ ഹിമാന്താ ബിസ്വ ശർമ്മയെ റാഞ്ചി ബി.ജെ.പി നടത്തിയ നീക്കങ്ങൾ ഗോഗോയിക്ക് തിരിച്ചടിയായി. തുടർന്ന് 32 എം.എൽ.എമാർ രാജിവച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ 126 അംഗ നിയമസഭയിൽ കോൺഗ്രസ് ജയിച്ചത് 26 സീറ്റിൽ മാത്രം. 60 സീറ്റു നേടി സർബാനന്ദ് സോണോവാളിന്റെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാരുണ്ടാക്കി. പൗരത്വ രജിസ്റ്റർ അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ബി.ജെ.പിയെ വീഴ്ത്താൻ ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തന്ത്രങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് കൊവിഡ് ബാധയും മരണവും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.