tarun

ന്യൂഡൽഹി: അസാമിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗോഗോയി അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുവാഹട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഇന്നലെ വൈകിട്ട് 5.34 ഓടെയായിരുന്നു.

ആഗസ്റ്റ് 25നാണ് തരുൺ ഗോഗോയിക്ക് കൊവിഡ് ബാധിച്ചത്. പോസ്റ്റ് കൊവിഡ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച മുതൽ വെന്റിലേറ്ററിലായിരുന്ന തരുൺ ഗോഗോയിയുടെ നില ഇന്നലെ രാവിലെ അതീവ ഗുരുതരമായി. സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഗുവാഹട്ടിയിൽ നടക്കും.

ഭാര്യ: ഡോളി ഗോഗോയി. മക്കൾ: കോൺഗ്രസ് ലോക്സഭാ എം.പി ഗൗരവ് ഗോഗോയി, ചന്ദ്രിമ ഗോഗോയി.

അസം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയായ (2001 മുതൽ 2016വരെ) തരുൺ ഗോഗോയി 1936 ഏപ്രിലിൽ ജോർഹട്ടിലാണ് ജനിച്ചത്. 1969ൽ ജോർഹട്ട് മുൻസിപ്പാലിറ്റി വാർഡംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി. 1971ൽ ആദ്യമായി പാർലമെന്റിലെത്തി. രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.