ഛത്തീസ്ഗഢിലെ വിചിത്ര ആചാരം
ന്യൂഡൽഹി : സന്താനലബ്ധിയ്ക്ക് വിചിത്ര ആചാരവുമായി ഛത്തീസ്ഗഢിലെ ധമതാരി ജില്ലയിലെ ഒരു ക്ഷേത്രം. കുട്ടികളില്ലാത്ത സ്ത്രീകളെ നിലത്ത് കിടത്തി അവരുടെ ശരീരത്തെ ചവിട്ടി പൂജാരികൾ നടക്കുന്നതാണ് ആചാരം. ഇങ്ങനെ ചെയ്യുന്നതിലൂടെ അങ്കാർമോതി ദേവിയുടെ അനുഗ്രഹം ലഭിച്ച് സ്ത്രീകൾക്ക് സന്താനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.
മധായി മേള എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ദീപാവലിക്ക് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയാണ് നടക്കുക. മേഖലയിലെ ഗോത്രവിഭാഗക്കാരടക്കം ആയിരക്കണക്കിന് ജനങ്ങളാണ് ഇക്കുറി ചടങ്ങിൽ പങ്കെടുത്തത്. നിലത്ത് കമിഴ്ന്നുകിടക്കുന്ന സ്ത്രീകൾക്ക് മുകളിലൂടെ മന്ത്രോച്ചാരണങ്ങളുമായി പൂജാരിമാർ നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ കാഴ്ച കാണാനായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിശ്വാസികൾ തടിച്ചുകൂടിയതും കാണാം.
അതേസമയം, വിചിത്രമായ ഈ ആചാരത്തെ വിമർശിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
'വിശ്വാസത്തെ എതിർക്കുന്നില്ല. എന്നാൽ, ഈ ചടങ്ങ് തീർത്തും അശാസ്ത്രീയമാണ്, ശരീരത്തിന് മുകളിലൂടെ നടക്കുന്ന ആചാരം സ്ത്രീകളിൽ മുറിവോ ചതവോ പോലുള്ള അപകടങ്ങൾ ഉണ്ടാക്കിയേക്കാം. യുക്തിരഹിതമായ ഇത്തരം ആചാരങ്ങളിൽ ജനങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നു." എന്നെല്ലാമാണ് വിമർശനങ്ങൾ ഉയരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടന്ന ചടങ്ങിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.