ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മുൻ ബി.എസ്.എഫ് ഓഫീസർ തേജ് ബഹാദൂർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും.
വാരണാസിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ തേജ് ബഹാദൂർ നൽകിയ പത്രിക പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. ഇതിന് പിന്നിൽ ചിലരുടെ സമ്മർദ്ദമായിരുന്നുവെന്നും കമ്മിഷൻ ബോധപൂർവം തന്റെ പത്രിക തള്ളിയതാണെന്നും തേജ് ബഹാദൂർ വാദിച്ചു. തിരഞ്ഞെടുപ്പ് റദ്ദാക്കി വാരണസിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിയിലാണ് ഇന്ന് വിധി പറയുക.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാനാണ് തേജ് ബഹാദൂർ പത്രിക നൽകിയിരുന്നത്. അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂറിന്റെ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തി. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ബഹാദൂറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ തേജ് ബഹാദൂർ പിന്നീട് എസ്.പി.ബി.എസ്.പി.ആർ.എൽ.ഡി സഖ്യ സ്ഥാനാർത്ഥിയായി പുതിയ പത്രിക നൽകി. സൈന്യത്തിലെ അഴിമതി സോഷ്യൽ മീഡിയയിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹാദൂർ യാദവിനെ ബി.എസ്.എഫ് പുറത്താക്കിയത്. പ്രതിഷേധ സൂചകമായാണ് തേജ് പ്രധാനമന്ത്രിക്കെതിരെ സ്ഥാനാർത്ഥിയായത്.