ന്യൂഡൽഹി: കസ്റ്റഡി പീഡനം തടയുന്നതിന് പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി. സ്ഥാപിക്കുന്ന കേസ് ജസ്റ്റിസ് റോഹിംഗ്ടൻ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് വിധി പറയാൻ മാറ്റി. സി.സി.ടി.വി. ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നതിനുള്ള സാങ്കേതിക വശങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ്‌ക്യൂറിയായ സിദ്ധാർത്ഥ് ധവെയ്ക്ക് നിർദ്ദേശവും നൽകി. വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണം. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പഞ്ചാബിലെ പൊലീസ് കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട കേസിലാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. കാമറകൾ വയ്ക്കണമെന്ന് 2018 ൽ സുപ്രീം കോടതി നിർദ്ദേശിച്ചത്. രണ്ട് വർഷത്തിനിപ്പുറം 15 സംസ്ഥാനങ്ങളിൽ മാത്രമാണ് സി.സി.ടി.വികൾ സ്ഥാപിച്ചത്.
കാമറകൾ ഇല്ലാത്ത സ്റ്റേഷനുകളിലെ അപ്രധാനമായ സ്ഥലങ്ങൾ കസ്റ്റഡി പീഡന കേന്ദ്രങ്ങളായി മാറുന്നത് തടയണമെന്നും മികച്ച മൈക്രോ ഫോണുകളുള്ള സി സി ടി വി സ്ഥാപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ആകരുതെന്നും നിർദ്ദേശിച്ചു. കസ്റ്റഡി പീഡനങ്ങൾ തടയുന്നതിന് ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു.