ന്യൂഡൽഹി: ബീഹാറിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായ എൻ.ഡി.എ മുതിർന്ന ബി.ജെ.പി നേതാവ് വിജയ്‌കുമാർ സിൻഹയെയും പ്രധാന പ്രതിപക്ഷമായ മഹാസഖ്യം ആർ.ജെ.ഡി നേതാവ് അവധ് ബിഹാരി ചൗധരിയെയും മത്സരിപ്പിക്കുന്നു. 243 അംഗ നിയമസഭയിൽ എൻ.ഡി.എയ്ക്ക് സ്വതന്ത്രൻ ഉൾപ്പെടെ 126 പേരുടെ പിന്തുണയുള്ളതിനാൽ പ്രതിസന്ധിയില്ല. മഹാസഖ്യത്തിന് 110 എം.എൽ.എമാരാണുള്ളത്. എ.ഐ.എം.ഐ.എം 5, ബി.എസ്.പി 1, എൽ.ജെ.പി 1 എന്നിങ്ങനെയാണ് മറ്റുകക്ഷികളുടെ നില.
മുൻമന്ത്രി നന്ദകിഷോർ യാദവാക്കും സ്പീക്കർ സ്ഥാനാർത്ഥിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ നിതീഷ്‌കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന വിജയ്‌കുമാർ സിൻഹ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയാവുകയായിരുന്നു. ജെ.ഡി.യു - ബി.ജെ.പി സഖ്യം അധികാരത്തിലേറിയ 2005 മുതൽ സ്പീക്കർ പദവി ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. ഇത്തവണ എൻ.ഡി.എയയിൽ
ബി.ജെ.പി വലിയ ഒറ്റകക്ഷിയായതോടെയാണ് സ്പീക്കർ സ്ഥാനം ജെ.ഡി.യു വിട്ടുനൽകിയത്.