ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് തയാറെടുപ്പുകൾ നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. വാക്സിൻ സംഭരണത്തിന് കൂടുതൽ ശീതീകരണ സംവിധാനങ്ങളടക്കം ഒരുക്കണം. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിനാണ് കേന്ദ്രത്തിന്റെ മുൻഗണന. വേഗത്തേക്കാളേറെ സുരക്ഷയ്ക്കാണ് പരിഗണന. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമേ വാക്സിൻ നൽകുന്നതിലെ മുൻഗണന തീരുമാനിക്കൂവെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിംഗ് യോഗത്തിൽ പറഞ്ഞു.
വാക്സിൻ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന അഭ്യൂഹം തടയാൻ ജനങ്ങളെ ബോധവത്കരിക്കണം. വാക്സിൻ വികസിപ്പിക്കുന്നത് സംബന്ധിച്ച എല്ലാ പുരോഗതിയും കേന്ദ്രസർക്കാർ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഗവേഷകരുമായും ഉത്പാദകരുമായും ആഗോളതലത്തിലെ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര കമ്പനികളുമായും കേന്ദ്രം നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് വാക്സിൻ വിതരണം സാദ്ധ്യമാക്കും. വാക്സിൻ വിതരണത്തിലെ കാര്യക്ഷമത സംസ്ഥാന -ജില്ലാ നിരീക്ഷണസമിതികൾ വഴി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ.ടി.പി.സി.ആർ ടെസ്റ്റ് കൂട്ടണം
ആർ.ടി.പി.സി.ആർ പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗ്രാമീണ മേഖലകളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും നിർദ്ദേശിച്ചു.
കൊവിഡ് രൂക്ഷമായ ഡൽഹി,ചത്തീസ്ഗഡ്, കേരളം, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഹരിയാന സംസ്ഥാനങ്ങളിലെ സാഹചര്യവും യോഗം പ്രത്യേകം അവലോകനം ചെയ്തു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിൽ താഴെയാണെങ്കിലും ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്. പരിശോധനകളുടെ എണ്ണം ഉയർത്തി കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിലും മരണനിരക്ക് ഒരു ശതമാനത്തിലും താഴെയാക്കണം. വൈറസ് ദുർബലമായി ഉടൻ രോഗമുക്തി നേടുമെന്നു കരുതുന്നത് അശ്രദ്ധയ്ക്കു കാരണമാവുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ പി.എം കെയർ ഫണ്ട് പ്രയോജനപ്പെടുത്തും. പുതുതായി 160 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങിയതായും പ്രധാനമന്ത്രി അറിയിച്ചു.
വാക്സിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നു
വാക്സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി കുറ്റപ്പെടുത്തി പ്രധാനമന്ത്രി. വാക്സിൻ എപ്പോൾ വരുമെന്ന് നമുക്ക് നിശ്ചയിക്കാനാവില്ല. എന്നാൽ വാക്സിന്റെ പേരിൽ ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുലിന്റെ പേര് പറയാതെ മോദി വിമർശിച്ചു.