ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുള്ള അടിയന്തര അനുമതിക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉടൻ കേന്ദ്രത്തിന് അപേക്ഷ നൽകുമെന്ന് സി.ഇ.ഒ അഡാറ് പൂനെവാല ഒരു ദേശീയമാദ്ധ്യമത്തോട് പറഞ്ഞു. ഒരുമാസത്തിനകം ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് നാലു കോടി ഡോസ് വാക്‌സിൻ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. ജനുവരിയോടെ പത്തുകോടി ഡോസ് നിർമ്മിക്കും. ഇന്ത്യയിലെ ഉപയോഗത്തിനാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി1600 പേരിലായാണ് ഓക്സ്ഫോർഡ് വാക്സിൻറെ അന്തിമ ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുന്നത്. ഡിസംബർ പകുതിയോടെ ഇത് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.