modi

അധികാരമേറ്റതിന് ശേഷം ആദ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളാണ് ഇതുവരെ വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഒരു വർഷമായി വിദേശയാത്ര നടത്താത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആവുകയാണ് നരേന്ദ്രമോദി. കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ വർഷത്തെ വിദേശ പര്യടനം മാറ്റി വച്ചത്. ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് അടുത്ത മാർച്ചോട് കൂടി നടക്കുന്ന അമേരിക്ക അടക്കമുള്ള ക്വാഡ് രാജ്യങ്ങളിലേക്കുള്ള സന്ദർശനമാകും പ്രധാനമന്ത്രിയുടെ അടുത്ത വിദേശയാത്ര.

2014 ൽ പ്രധാനമന്ത്രി ആയതിന് ശേഷം വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ ശ്രദ്ധ നരേന്ദ്രമോദി കാട്ടിയിരുന്നു. ഔദ്യോഗിക കണക്ക് അനുസരിച്ച് 2014 ജൂൺ 15 നും 2019 നവംബറിനും ഇടയിൽ 96 രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി. നിരന്തരമുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് എതിരെ വലിയ വിമർശനങ്ങളും ഉയർന്നിരിന്നു. 2019 നവംബറിന് ശേഷം പ്രധാനമന്ത്രി വിദേശ യാത്ര നടത്തിയിട്ടില്ല. 2020 ലെ യാത്രകൾക്ക് തയാറെടുക്കുമ്പോഴാണ് കൊവിഡ് രാജ്യത്ത് പടർന്നുപിടിച്ചത്. ഇതോടെ ഉച്ചകോടിയിലടക്കം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പങ്കെടുത്തത്. എയർ ഇന്ത്യ വൺ എന്ന പേരിൽ തയാറായ പുതിയ വിമാനത്തിലായിരിക്കും പ്രധാനമന്ത്രിയുടെ ഇനിമുതലുള്ള വിദേശയാത്രകൾ.

 സന്ദർശിച്ച വർഷം, രാജ്യങ്ങളുടെ എണ്ണം

2014 8

2015 23

2016 17

2017 14

2018 20

2019 (നവംബർ വരെ) 14