ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളെ തേടി പാതിരാത്രി ഡൽഹി മദർ ക്രസന്റ് റോഡിലെ 23-ാം നമ്പർ വീട്ടിൽ നിന്ന് ഒരു ഫോൺ വിളി വരുമായിരുന്നു... 'മേം പട്ടേൽ ബാത്ത് കർ രഹാ ഹും' (ഞാൻ പട്ടേൽ ആണ് വിളിക്കുന്നത്).
അഹമ്മദ് പട്ടേലിന്റെ വിയോഗം അറിഞ്ഞപ്പോൾ പല നേതാക്കളുടെയും ഓർമ്മയിൽ തെളിഞ്ഞത് ആ ഫോൺ കോളുകളായിരിക്കും. യു.പി.എയിലെ ഘടകകക്ഷി നേതാക്കളെ തേടിയും ആ പാതിരാ ഫോണുകൾ വന്നിരുന്നു. അങ്ങനെ 'പാതിരാ പട്ടേൽ' എന്ന വിളിപ്പേരും വീണു.
കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസം കത്തിക്കയറിയ നാളുകളിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി എന്ന നിലയിൽ
ഇവിടത്തെ നേതാക്കളെയും രാത്രികാലങ്ങളിലാണ് വിളിച്ചിരുന്നത്. മിക്കവാറും ഫോൺ വിളികൾ രാത്രി 12 മണിക്കായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർക്കുന്നു. ദീർഘനേരം സംഘടനാ കാര്യങ്ങൾ സംസാരിക്കും. എല്ലാ പ്രശ്നങ്ങൾക്കും ചെവി കൊടുത്തും വലിപ്പ ചെറുപ്പമില്ലാതെ ഇടപെട്ടും വ്യത്യസ്ത അഭിപ്രായമുള്ളവരെ ഒരുമിച്ചു കൊണ്ടുപോയ നേതാവായിരുന്നു പട്ടേലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രത്തിൽ പാർട്ടി ശക്തമായിരുന്ന 2004-2014 കാലയളവിൽ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയിലെ ട്രബിൾ ഷൂട്ടറായി മാറി. അണിയറയിലിരുന്ന് കടിഞ്ഞാൺ കൈയിലെടുക്കുന്നതായിരുന്നു ശൈലി.
ഗുജറാത്തിൽ നിന്ന് ലോക് സഭയിലെത്തിയ രണ്ടാമത്തെ മുസ്ളീം നേതാവായ പട്ടേൽ പാർട്ടിയുടെ മതേതര മുഖമായിരുന്നു.
ബറൂച്ചിൽ നിന്ന് യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രംഗപ്രവേശം. സംഘടനാ പാടവം തിരിച്ചറിഞ്ഞ് ദേശീയ നേതാവാക്കിയത് ഇന്ദിരാഗാന്ധി. പിന്നീട് രാജീവ് ഗാന്ധിയുടെയും സോണിയയുടെയും വിശ്വസ്തനായി. രാജീവ് ഗാന്ധിയുടെ മരണശേഷം പലരും നരംസിംഹ റാവു ക്യാമ്പിലേക്ക് ചാടിയപ്പോഴും അദ്ദേഹം സോണിയയുടെ ജൻപഥ് 10-ാം വസതിയിൽ ഉറച്ചു നിന്നു. ഇതുകാരണം നരസിംഹറാവു സർക്കാരിന്റെ കാലത്ത് മീനാബാഗിലെ സർക്കാർ വസതിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. പാർട്ടി അദ്ധ്യക്ഷ പദവി സ്വീകരിച്ച സോണിയ 2001ൽ രാഷ്ട്രീയ ഉപദേഷ്ടാവാക്കിയതോടെ പട്ടേൽ വീണ്ടും ശക്തനായി.
പുറത്തു നിന്ന് പിന്തുണ നൽകിയ സി.പി.എം അടക്കം 11 പാർട്ടികളുടെ കൂട്ടുകെട്ടായ യു.പി.എ ഭരിച്ച 2004ൽ ട്രബിൾ ഷൂട്ടറുടെ റോളിലായിരുന്നു പട്ടേൽ. 2009ൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം നിലനിറുത്തിയപ്പോഴും സോണിയാ ഗാന്ധിക്ക് പിന്നിൽ നിർണായക ശക്തിയായി നിലകൊണ്ടു.
രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പല നേതാക്കളെയും അകറ്റിയെങ്കിലും പട്ടേലിന്റെ സ്വാധീനത്തിന് കുറവുണ്ടായില്ല. മഹാരാഷ്ട്രയിൽ ശിവസേനയുമായി സംഖ്യമുണ്ടാക്കിയും രാജസ്ഥാനിൽ ഉടക്കി നിന്ന സച്ചിൻ പൈലറ്റിനെ പിടിച്ചു നിറുത്തിയും പാർട്ടിക്ക് കരുത്തു പകർന്നു.
നഷ്ടമായത് ഉറ്റസുഹൃത്തിനെ: എ.കെ. ആന്റണി
ന്യൂഡൽഹി: ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അഹമ്മദ് പട്ടേലിന്റെ വേർപാട് തീരാദുഃഖമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. 1977 മുതൽ ഉറ്റ സുഹൃദ്ബന്ധമുണ്ടായിരുന്ന ആസാം മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മരണത്തിനു തൊട്ടുപിന്നാലെ പട്ടേലും വിടവാങ്ങിയത് താങ്ങാവുന്നതിലും അപ്പുറമാണ്. പകരം വയ്ക്കാനാകാത്തവരും പാർട്ടിക്കും രാജ്യത്തിനും വേണ്ടി ജീവിതം മുഴുവൻ ആത്മാർത്ഥമായി പ്രവർത്തിച്ച നേതാക്കളുമാണവർ. ക്രൈസിസ് മാനേജർ എന്ന നിലയിൽ അഹമ്മദ് പട്ടേൽ അത്യപൂർവമായ രാഷ്ട്രീയ തന്ത്രജ്ഞതയും പ്രകടമാക്കി.
വിശ്വസ്തനായ സഹപ്രവർത്തകനെയും പ്രിയ സുഹൃത്തിനെയുമാണ് നഷ്ടമായത്.
പട്ടേലിന് പകരക്കാരനില്ല.
സോണിയാ ഗാന്ധി,
കോൺഗ്രസ് അദ്ധ്യക്ഷ
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഏറെ സംഭാവനകൾ ചെയ്ത പട്ടേലിന്റെ ഓർമ്മശക്തി അപാരമായിരുന്നു. സമൂഹത്തിന് നൽകിയ സേവനങ്ങളുടെ പേരിൽ എന്നും ഓർമ്മിക്കപ്പെടും.
നരേന്ദ്ര മോദി
പ്രധാനമന്ത്രി
കോൺഗ്രസിന്റെ നെടുംതൂണാണ് വീണത്
രാഹുൽ ഗാന്ധി
ഉപദേശകനെയും മാർഗദർശിയെയുമാണ് നഷ്ടമായത്
പ്രിയങ്കാ ഗാന്ധി