swab

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് സ്ഥിതി അതിരൂക്ഷമായി തുടരുന്നു. തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളും തുടർച്ചയായ നാലാംദിവസവും ഏറ്റവും കൂടുതൽ മരണവും ഇവിടെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6224 പുതിയ രോഗികളും 109 മരണവുമാണ് രേഖപ്പെടുത്തിയത്. ആകെ കൊവിഡ് മരണം 8612 ആയി. ആകെ കേസുകൾ 5.4 ലക്ഷവും കടന്നു. നവംബർ ഒന്നുമുതൽ 24 വരെ 1.53 ലക്ഷം പുതിയ രോഗികളും 2110 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മരണം ഉയരുന്നതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് പുതുതായി രോഗബാധയുണ്ടായി. 481 പേർ കൂടി മരിച്ചു. 37,861 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 93.72 ശതമാനമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗമുക്തി. ആക്ടീവ് കേസുകൾ 4,44,746 ആയി ഉയർന്നു. തുടർച്ചയായ 15ാംദിവസമാണ് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചു ലക്ഷത്തിൽ താഴെയാകുന്നത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 92.50 ലക്ഷവും മരണം 1.35 ലക്ഷവും കടന്നു.