ന്യൂഡൽഹി: സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനെയും പുതിയ കർഷക നിയമങ്ങൾക്കെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച രണ്ടുദിവസത്തെ 'ദില്ലി ചലോ' ഉപരോധത്തെയും നേരിടാൻ സംസ്ഥാന സർക്കാരുകൾ. കർശന നടപടികളെടുക്കുന്നു.
പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ എസ്‌മ പ്രയോഗിക്കുമെന്ന് ഒഡിഷ സർക്കാർ പ്രഖ്യാപിച്ചു.
കർഷക മാർച്ച് തടയാൻ പഞ്ചാബ്, ഡൽഹി അതിർത്തികൾ അടച്ചിടാൻ ഹരിയാന സർക്കാർ തീരുമാനിച്ചു. കനത്ത പൊലീസ് സന്നാഹം അതിർത്തിയിൽ നിലയുറപ്പിച്ചു. 18,000 ട്രാക്ടറുകളിലായി 70,000 കർഷകർ ഹരിയാന അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഹരിയാനയിൽ കിസാൻസഭ സംസ്ഥാന നേതാവ് സുബേ സിംഗ് ബുറ ഉൾപ്പെടെ നൂറോളം കർഷകനേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അംബാലയിൽ കർഷകർക്കു നേരെ ലാത്തിച്ചാർജ് നടന്നു.
തമിഴ്നാട്ടിൽ അയ്യാക്കണ്ണ് ഉൾപ്പെടെ 357 പേരെ അറസ്റ്റു ചെയ്തു. കർണാടകയിൽ ഡൽഹി ട്രെയിനിൽ കയറാനെത്തിയ കർഷകർ അറസ്റ്റിലായി. ഡൽഹിയിൽ കിസാൻ മഹാസംഘ് നേതാവ് ഋഷിപാൽ അംബാവ്ഡെ അറസ്റ്റിലായി.
പഞ്ചാബിലെ രണ്ടുലക്ഷത്തോളം കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.
പത്തു പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്കിന് സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ച് കർഷകത്തൊഴിലാളികൾ ഗ്രാമീണ ഹർത്താലും സംഘടിപ്പിക്കുന്നുണ്ട്. കർഷക സംഘടനകളുടെ പാർലമെന്റ് മാർച്ചിന് തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിനു കർഷകർ ഡൽഹിക്ക് തിരിച്ചിട്ടുണ്ട്.