കേന്ദ്ര- സംസ്ഥാനങ്ങളോട് സുപ്രീംകോടതി
ന്യൂഡൽഹി: കൊവിഡിൽ രാജ്യം മോശാവസ്ഥയിലാണെന്നും വാക്സിനെത്തും വരെ കടുത്ത നടപടികളിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കണമെന്നും കേന്ദ്ര സംസ്ഥാനങ്ങളോട് സുപ്രീംകോടതി. കൊവിഡ് സാഹചര്യം വിശദീകരിച്ച് നിലവിലെ അവസ്ഥ, രോഗികളുടെ ചികിത്സ തുടങ്ങി നിരവധി കാര്യങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് കോടതി രാജ്യത്തെ നിലവിലെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചത്. കൊവിഡ് വർദ്ധിക്കുന്നതിനിടയിലും ജനങ്ങൾ ആഘോഷ പരിപാടികളിലും മറ്റും മാസ്ക്കില്ലാതെയാണ് പങ്കെടുക്കുന്നത്. അറുപത് ശതമാനം പേർക്കും മാസ്ക്കില്ല. 30 ശതമാനം പേർ താടിയിലാണ് മാസ്ക്കിടുന്നത്.
വാക്സിനുകൾ തയാറാക്കുന്നതു വരെ പ്രതിരോധ നടപടികളിൽ വീഴ്ച പാടില്ല. കേന്ദ്രസർക്കാർ ഇറക്കുന്ന മാർഗരേഖ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുന്നെന്നും കോടതി നിരീക്ഷിച്ചു.
നിലവിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ എഴുപത് ശതമാനവും കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ചികത്സയിലുള്ള കൊവിഡ് രോഗികളിൽ 14.7 ശതമാനം പേരും കേരളത്തിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് (18.9%). രോഗവ്യാപനം തടയുന്നതിന് ഡൽഹി സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കൊവിഡ് സംശയിക്കുന്ന മൃതദേഹങ്ങൾ
പോലും പരിശോധിക്കുന്നു: കേരളം
മരണം കൊവിഡ് മൂലമാണോയെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ അറിയിച്ചു. ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഒഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാർഗരേഖ പ്രകാരമാണ് സംസ്ഥാനത്ത് പരിശോധന നടത്തുന്നത്. മരണ കാരണം കൊവിഡ് ആണെങ്കിൽ അത് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. മരണ കാരണം വിശദീകരിക്കുന്ന മെഡിക്കൽ ബുള്ളറ്റിനുകൾ ആശുപത്രി സൂപ്രണ്ടുമാർ സംസ്ഥാന നോഡൽ ഓഫീസർമാർക്ക് കൈമാറുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ കൊവിഡ് മരണങ്ങളും കണക്കിൽപെടുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ എല്ലാ കൊവിഡ് മരണങ്ങളും ഔദ്യോഗിക കണക്കിൽപ്പെടുത്തുന്നില്ലെന്ന വിമർശനങ്ങൾക്ക് ഇടയിലാണ് സംസ്ഥാനം സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തിരിക്കുന്നത്.