perarivalan-

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ പരോൾ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകി. നവംബർ 30 വരെ നീട്ടിയ പരോൾ പേരറിവാളന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നൽകുകയായിരുന്നു. പേരറിവാളന് ചികിത്സയ്ക്ക് ആവശ്യമായ യാത്രകളിൽ സുരക്ഷ ഉറപ്പാക്കാൻ തമിഴ്നാട് സർക്കാരിന് നിർദ്ദേശവും നൽകി. മദ്രാസ് ഹൈക്കോടതി നൽകിയ പരോൾ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതി പരോൾ നീട്ടിയത്.

തന്റെ കിഡ്നി 25 ശതമാനം പ്രവർത്തന രഹിതമാണെന്നും ചികിത്സയ്ക്കായി മൂന്ന് മാസം സമയം അനുവദിക്കണമെന്നും പേരറിവാളൻ കോടതിയെ അറിയിച്ചു. എന്നാൽ രണ്ട് വർഷത്തിൽ ആകെ മുപ്പത് ദിവസം മാത്രമേ പരോൾ അനുവദിക്കാനാവുകയുള്ളൂവെന്നും നിലവിൽ 51 ദിവസം പരോൾ അനുവദിച്ചെന്നും തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു.വാദം കേട്ട കോടതി പരോൾ നീട്ടി നൽകുകയായിരുന്നു. പേരറിവാളൻ ആവശ്യപ്പെടുകയാണെങ്കിൽ വെല്ലൂരിൽ ചികിത്സയ്ക്കായി കൊണ്ടുപോകണമെന്നും കോടതി തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി.