ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തോടടുത്തു. മരണം 1.36 ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,452 പേർ രോഗമുക്തരായി. 485 പേർക്ക് ജീവൻ നഷ്ടമായി. പ്രതിദിന രോഗികളുടെ 69 ശതമാനവും മഹാരാഷ്ട്ര, ഡൽഹി, കേരളം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളത് 4,54,940 പേരാണ്. ആകെ രോഗബാധിതരുടെ 4.87 ശതമാനമാണിത്. മഹാരാഷ്ട്രയിലാണ് പുതിയ കൊവിഡ് ബാധിതർ കൂടുതൽ. രോഗമുക്തർ കൂടുതൽ കേരളത്തിലും മരണം കൂടുതൽ ഡൽഹിയിലുമാണ്. രാജ്യത്ത് ആകെ രോഗമുക്തർ 87.59 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 93.68 ശതമാനമാണ്.
ദശലക്ഷം പേരിലെ പരിശോധനയുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മഹാരാഷ്ട്രയിലെ എൻ.സി.പി എം.എൽ.എ ഭാരത് ബാൽക്കെ അന്തരിച്ചു.
കൊവിഡ് വാക്‌സിൻ ലഭ്യമായാൽ നാലാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലെല്ലാവർക്കും ലഭ്യമാക്കുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. ദേശീയ തലസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്കിനെ ആശ്രയിച്ചിരിക്കും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള കർശന നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.