modi

ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്‌സിനുകൾ വികസിപ്പിക്കുന്ന മൂന്ന് സ്ഥാപനങ്ങൾ ഇന്നലെ ഒറ്റ ദിവസം കൊണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പുരോഗതി വിലയിരുത്തുകയും ശാസ്‌ത്രജ്ഞർക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്‌തു. കഴിഞ്ഞ ദിവസം രാജ്യത്തെ വാക്സിൻ വിതരണ സൗകര്യങ്ങൾ മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്‌തതിന് പിന്നാലെയാണ് ഗവേഷണ സ്ഥാപനങ്ങളിലെ സന്ദർശനം.

സൈക്കോവ്-ഡി വാക്‌സിൻ നിർമ്മിക്കുന്ന അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക്, കൊവാക്‌സിൻ ഗവേഷണം നടക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്, ഒാക്‌സ്‌ഫോർഡ് സർവ്വകലാശാലയും ബഹുരാഷ്‌ട്ര മരുന്നു കമ്പനിയായ ആസ്‌ട്രാസെനകയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിൻ പരീക്ഷിക്കുന്ന പൂനെയിലെ സിറം ഇൻസ്​റ്റി​റ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്.

ഇന്നലെ രാവിലെ 9 മണിക്ക് ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി 20കിലോമീറ്റർ അകലെ ചങ്ങോദാർ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന സൈഡസ് ബയോടെക് പാർക്കിലേക്ക് ഹെലികോപ്‌ടറിലാണ് പോയത്. പി.പി.ഇ കിറ്റ് ധരിച്ച് സൗകര്യങ്ങൾ നിരീക്ഷിച്ച പ്രധാനമന്ത്രിയോട് ആഗസ്റ്റിൽ തുടങ്ങിയ വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തെ പറ്റി ശാസ്ത്രജ്ഞർ വിവരിച്ചു. ഡി.എൻ.എ അടിസ്ഥാനമാക്കിയുള്ള സൈഡസ് കാഡില വാക്‌സിൻ ഗവേഷണത്തിൽ ഏർപ്പെട്ട ശാസ്‌ത്രജ്ഞരെ അഭിനന്ദിച്ചതായും കേന്ദ്രസർക്കാർ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തെന്നും മോദി പിന്നീട് ട്വീറ്റ് ചെയ്‌തു.

മൂന്നാം ഘട്ട ട്രയൽ നടക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കിലേക്ക് പോകാൻ തെലങ്കാനയിലെ ഹക്കീംപേട്ട് എയർഫോഴ്സ് സ്റ്റേഷനിലാണ് മോദി വിമാനമിറങ്ങിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ 50കിലോമീറ്റർ അകലെയുള്ള ജീനോംവാലിയിൽ സ്ഥിതി ചെയ്യുന്ന ഭാരത് ബയോടെക്കിലെത്തി. ശാസ്‌ത്രജ്ഞർക്കൊപ്പം ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തിയ മോദി ഒരുമണിക്കൂർ അവിടെ ചെലവിട്ടു. ഐ.സി.എം.ആറുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചെന്നും അദ്ദേഹം പിന്നീട് ട്വീറ്റു ചെയ്‌തു.

വൈകിട്ട് നാലരയോടെയാണ് അദ്ദേഹം പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വാക്സിൻ നിർമ്മാണ സൗകര്യങ്ങൾ അദ്ദേഹം വീക്ഷിച്ചു. വാക്സിൻ ഗവേഷണത്തെ പറ്റി സീറം ഇൻസ്റ്റിറ്റ്യൂട്ട് സംഘവുമായി സംവദിച്ചെന്നും നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തിയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ‌്തു.

''വാക്സിനുകളുടെ ഗവേഷണത്തിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും പുരോഗതിയും ഉൽപ്പാദന സൗകര്യങ്ങളും വിതരണ സങ്കേതങ്ങളും വിലയിരുത്താനും ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള മാർഗ്ഗരേഖ ആലോചിക്കാനുമായിരുന്നു സന്ദർശനം''

--പ്രധാനമന്ത്രിയുടെ ഓഫീസ്