covid-vaccine

ന്യൂഡൽഹി: ഒാക്‌സ്ഫോഡ് സർവ്വകലാശാലയും ബഹുരാഷ്‌ട്ര മരുന്നുനിർമ്മാണ കമ്പനി ആസ്ട്രാ സെനക്കെയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഷീൽഡ് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷ സമർപ്പിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡാർ പൂനാവാല അറിയിച്ചു. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന വാക്സിൻ ഇന്ത്യയിൽ വിതരണത്തിന് മുൻഗണന നൽകും. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാക്സിൻ ഉപയോഗത്തെയും വിതരണത്തെയും കുറിച്ച് നല്ല അറിവുണ്ടെന്നും അതിനാൽ കൂടുതൽ വിശദീകരണം വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ എത്ര ഡോസ് വാക്സിൻ വേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. എങ്കിലും അടുത്ത ജൂലായ് വരെ 30-40കോടി ഡോഡുകൾ വേണമെന്നാണ് കരുതുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിനുകൾ ഇന്ത്യയിലും ആഫ്രിക്കയിലുമാണ് വിതരണം ചെയ്യുക.